പ്രായം 23. സിനിമകളുടെ എണ്ണത്തിലും മധുരപ്പതിനേഴ്. അഭിനയിച്ച പതിനേഴാം സിനിമ നൂറുകോടിയിലേക്ക് കുതിക്കുമ്പോള്‍ നസ്‌ലെന്‍ കെ.ഗഫൂര്‍ എന്ന നാണംകുണുങ്ങിപ്പയ്യന്‍ മലയാള സിനിമയില്‍ ഒരു കസേര വലിച്ചിട്ട് ഇരിപ്പുറപ്പിക്കുകയാണ്. അഭിനയിച്ച് തകര്‍ക്കാനുള്ള വേഷങ്ങളൊന്നും കയ്യാളിയിട്ടില്ല. പക്ഷേ, ആ ചിരിയില്‍, ചമ്മലില്‍, ഭാവപ്രകടനങ്ങളില്‍ മലയാളി പ്രേക്ഷകര്‍ ഇഷ്ടക്കാരനെ കണ്ടെത്തിക്കഴിഞ്ഞു. പ്രേമലു എന്ന സിനിമയ്ക്ക് കൂട്ടും കുടുംബവും ആര്‍ത്തലച്ച് തിയറ്ററിലേക്ക് എത്തുമ്പോള്‍ പതിയെ പിറക്കുകയാണ്, നസ്‌ലെന്‍ എന്ന കൗമാര സൂപ്പര്‍താരം.
മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ പയ്യന്‍, ഗിരീഷ് എഡി ചിത്രമായ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷഹൃദയം കീഴടക്കി. മാത്യുവിന്‍റെ കൂട്ടുകാരന്‍ മെല്‍വിന്‍റെ റോള്‍ അതിഗംഭീരമായി തന്നെ നസ്‌ലെന് പകര്‍ന്നാടി. ആദ്യകാലത്തു തന്നെ ഒട്ടും കൃത്രിമത്വം തോന്നാത്തവിധം ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കുന്ന മിടുക്കനെ അന്നേ കാഴ്ചക്കാര്‍ നോട്ട് ചെയ്തു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മാത്യുവിന്‍റെയും അനശ്വര രാജന്‍റെയും കരിയറിലെ വഴിത്തിരിവായപ്പോള്‍ നസ്ലെനില് നിന്ന് ഒരു സഹതാരത്തിനപ്പുറം പ്രേക്ഷകര്‍ പക്ഷേ, പ്രതീക്ഷിച്ചുകാണില്ല. തണ്ണീര്‍ മത്തനിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത പൊടിമീശക്കാരനെ പ്രേക്ഷകര്‍ പിന്നീട് കണ്ടത് 2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ. ചിത്രത്തില്‍ ദുല്‍ഖറിന്‍റെ ചെറുപ്പമാണ് ചിത്രത്തില്‍ നസ്‌ലെന് അവതിരിപ്പിച്ചത്. കണ്ണീരിന്റെയും കരച്ചിലിന്റെയും അകമ്പടിയുള്ള ആ വേഷത്തിലും നസ്‌ലെന്‍ ഉള്ളുതൊടും പ്രകടനം കാഴ്ചവച്ചു.
സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കെപിഎസി ലളിത, കല്യാണി പ്രിയദര്‍ശന്‍ എന്നീ പ്രമുഖതാരങ്ങള്‍ തകര്‍ത്താടിയിട്ടും അതിനിടയിലും, നസ്െലന്റെ കാമിയോ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 2021 ല്‍ മൂന്നു ചിത്രങ്ങളാണ് നസ്ലെന്റേതായി പുറത്തിറങ്ങിയത്. കുരുതി, ഹോം, കേശു ഈ വീടിന്‍റെ നാഥന്‍. ഇവയില്‍ കുരുതിയിലെ റസൂല്‍ എന്ന ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാപാത്രത്തെ തന്മയത്വത്തോടെ നസ്‌ലെന് കൈകാര്യം ചെയ്തു. കോമഡി മാത്രമല്ല, തനിക്ക് ഏതുതരം റോളും വഴങ്ങുമെന്ന ചെറിയ ചെറിയ സൂചനകള്‍. മാമുക്കോയ, പൃഥ്വിരാജ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ഒപ്പത്തിനൊപ്പം നിന്നു ചിത്രത്തിലെ നസ്‌ലെന്റെ കഥാപാത്രം.
ഹോം എന്ന ചിത്രത്തില്‍ എത്തുമ്പോള്‍ ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, മഞ്‍ജുപിളള എന്നിവര്‍ക്കൊപ്പം രസികന്‍ പ്രകടനമായിരുന്നു നസ്ലെന്റേത്. നര്‍മം കലര്‍ത്തിയ സംഭാഷണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സാന്നിദ്ധ്യം. ദിലീപിനൊപ്പം മകന്‍റെ റോളിലാണ് നസ്‌ലെന് കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തില്‍ വേഷമിട്ടത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആ വേഷം തരക്കേടില്ലാതെ ചെയ്തു നസ്‌ലെന്.
നസ്‌ലെനിലെ പലമട്ടിലുള്ള സാധ്യതകള്‍ ആദ്യം തിരിച്ചറിഞ്ഞത് ഒരുപക്ഷേ സംവിധായകന്‍ ഗിരീഷ് എഡി തന്നെയാകും. സ്കൂള്‍കാല പ്രണയം പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം, കോളജ് വിദ്യാര്‍ഥികളുടെ ജീവിതവും പ്രണയവും പ്രമേയമാക്കിയ സൂപ്പര്‍ ശരണ്യയിലേക്ക് നസ്ലെനെ ക്ഷണിച്ചത് അങ്ങനെയാകും. പിന്നീട് പ്രേക്ഷകര്‍ കണ്ടത് സൂപ്പര്‍ ശരണ്യയിലെ സംഗീത് എന്ന കഥാപാത്രമായി ആറാടുന്ന നസ്ലെനെയാണ്. കോമഡി മാത്രമല്ല, പ്രണയവും ഇഴചേര്‍ന്ന ആ കഥാപാത്രം നസ്‌ലെന്റെ കയ്യില്‍ ഭദ്രമായിരുന്നു. സിനിമയില്‍ പ്രണയം പറയാതെ നടക്കുന്ന സംഗീത് സൂപ്പര്‍ ശരണ്യ ഫാന്‍സിനെ കുടുകുടാ ചിരിപ്പിച്ചു.
മകള്‍ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പമുളള രംഗങ്ങളും രസാവഹമാക്കി നസ്‌ലെന്‍. ജയറാമിനൊപ്പം ഹാസ്യരംഗങ്ങള്‍ അനായാസം കൈകാര്യം ചെയ്ത നസ്‌ലെന് അവിടെയും കയ്യടി നേടി. മാത്യു–നസ്‌ലെന് കോംബോയില്‍ പിന്നാലെ പുറത്തിറങ്ങിയ ജോ ആന്‍ഡ് ജോ തിയറ്ററുകളില്‍ മികച്ച വിജയം നേടി. കോവിഡ് കാലത്തെ കഥ പറഞ്ഞ്, രണ്ട് കൊച്ചുപയ്യന്‍മാരെക്കൊണ്ടും സിനിമ സൂപ്പര്‍ഹിറ്റാക്കാം എന്ന് തെളിയിച്ച സിനിമ. പ്രേക്ഷകരെ തിയറ്ററിലെത്തിക്കാനുളള മാജിക് ഈ യുവതാര കൂട്ടുകെട്ടിനുണ്ടെന്ന് കൂടി തെളിയിച്ചു ജോ ആന്‍ഡ് ജോയുടെ വിജയം.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥിവേഷത്തിലും നസ്‌ലെന് കയ്യടി നേടി. നായകവേഷമേ ചെയ്യൂ എന്നെവിടെയും വാശിപിടിക്കാതെ, തന്നെത്തേടിയെത്തിയ ചിത്രങ്ങളില്‍ രസികന്‍ കഥാപാത്രങ്ങള്‍ നസ്‌ലെന് തിരഞ്ഞെടുത്തു. കഥാപാത്രത്തിന്‍റെ സ്ക്രീന്‍ സ്പേസിനെക്കാളും നസ്‌ലെന് പ്രധാന്യം കല്‍പ്പിച്ചത് തനിക്ക് ചേരുന്ന വേഷങ്ങളാണെന്ന് തീരുമാനിച്ചുള്ള മുന്നോട്ടുപോക്ക്. ഇതിനിടെ അയല്‍വാശി, പത്രോസിന്‍റെ പടപ്പുകള്‍, പൂവന്‍ എന്നിങ്ങനെ പല സിനിമകള്‍ വന്നു. അയല്‍വാശിയിലെ വലിയ വേഷത്തില്‍ ഇരുത്തം വന്ന നടന്റെ സാന്നിദ്ധ്യം അനുഭവിപ്പിച്ചു നസ്‌ലെന്‍.
2023ല്‍ പുറത്തിറങ്ങിയ നെയ്മര്‍ ഹിറ്റ് ആയതോടെ നസ്ലന്–മാത്യു കൂട്ടുകെട്ട് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, ജോ ആന്‍ഡ് ജോ, നെയ്മര്‍... തുടര്‍വിജയങ്ങള്‍ സ്വന്തമായതോടെ മലയാള സിനിമയിലെ യുവനായകനിരയിലേക്ക് നസ്ലന്റെ പേരും ഉയര്‍ന്നുകേട്ടു. വാലാട്ടിയിലെ തെവുരുനായക്ക് ശബ്ദം നല്‍കിയതു വഴി ബിഗ് സ്കീനിന് മുന്നില്‍ വരാതെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും കയ്യടിപ്പിക്കാനും തനിക്കാകുമെന്ന് നസ്‌ലെന് തെളിയിച്ചു. ജേണി ഓഫ് ലവ് 18 പ്ലസും നസ്‌ലെന് കയ്യടി നേടിക്കൊടുത്തു.
സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗിരീഷ് എഡി നസ്ലെനായി കരുതിവച്ചത് കരിയറിനെ തന്നെ മാറ്റിമറിക്കുന്ന വേഷമായിരുന്നു. കോളജുകാലം കഴിഞ്ഞുള്ള ജീവിതം ഹൈദരാബാദില്‍ പറഞ്ഞ പ്രേമലുവില്‍ നസ്‌ലെന്‍ സച്ചിന്‍ എന്ന കഥാപാത്രമായി നിറഞ്ഞാടി. ചിത്രത്തിലെ കുസൃതികളും നിസ്സഹായതകളും ചിരികളുമെല്ലാം നസ്‌ലെന്‍ തന്റെ സ്വാഭാവികമായ ഭാവങ്ങളില്‍ കളറാക്കി.
50 കോടിയില്‍ നിന്ന് 100 കോടിയിലേക്കുളള ജൈത്രയാത്രയാലാണ് ഇപ്പോള്‍ പ്രേമലു. മലയാളത്തിലെന്ന പോലെ മറുനാടുകളിലും മറ്റ് രാജ്യങ്ങളിലും വരെ പ്രേമലു ഓളങ്ങള്‍ തീര്‍ന്നു. ആളൊഴിയാത്ത തിയറ്ററുകളില്‍ പിറവികൊള്ളുന്നത് നസ്‌ലെന് എന്ന താരത്തിന്‍റെ കൂടി ഉദയമാണെന്നത് തീര്‍ച്ച. ഒറ്റവിജയം ഒരു താരത്തിന്റെ വിപണിമൂല്യത്തിന്റെ അളവുകോലൊന്നുമല്ല. പക്ഷേ, ഈ ഇരുപത്തിമൂന്നുകാരനില്‍ മലയാളി പ്രേക്ഷകര്‍ എന്തോ ഒരിഷ്ടം നിക്ഷേപിച്ചു കഴിഞ്ഞെന്ന് ഉറപ്പിക്കാം. ഈ പ്രായത്തിലേ ഒരു ഹീറോ സ്റ്റഫായി നസ്‌ലെന്‍ നിസ്സംശയം മാറിക്കഴിഞ്ഞു. ഇനി വേണ്ടത് നല്ല സിനിമകളും കഥാപാത്രങ്ങളും തന്നെയാണ്. നസ്‌ലെനിലെ നടനും താരവും ആ ഇഷ്ടത്തിന്റെ വഴിയില്‍ തന്നെ നടക്കട്ടെ, കാത്തിരിക്കാം.
Naslen K Gafoor the rising star of Malayalam Cinema