ഓസ്കർ പത്തുനാൾ അകലെനിൽക്കെ നിശബ്ദനായി  ഇരിക്കാൻ ആഗ്രഹിക്കുന്ന, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത ഒരു അന്ധർമുഖനായ മനുഷ്യൻ സിനിമലോകത്തെ പരമോന്നത പുരസ്കാരം സ്വന്തമാക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.  ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗരറ്റും എതിരാളികളെ അരിഞ്ഞുവീഴ്ത്താൻ തൊപ്പിയിൽ ഒളിപ്പിച്ച ആയുധവുമായി ബിർമിങ്ങാമിനെ വിറപ്പിച്ച തോമസ് ഷെൽബി ആയാണ് അയാൾ വരവറിയിച്ചത് .

 

നോളൻ  ചിത്രങ്ങളിലൂടെ പ്രതിനായകനായും സഹനടനായും ഇടയ്ക്കിടെ വന്നുപോയ അഭിമുഖങ്ങളിലും അവാർഡ് നിശകളിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ഒരാള്‍. ആണവായുധത്തിന്റെ പിതാവ് ഒപ്പെൻഹൈമറെ അച്ചിൽ വാർത്തെടുത്ത സമാനതയോടെ പകർന്നടിയപ്പോൾ ഗോൾഡൻ ഗ്ലോബ് മുതൽ ബാഫ്റ്റ വരെയുള്ള പുരസ്കാരവേദികളാണ് അയാൾക്കായി കൈയടിച്ചത്. 

 

ഇതിഹാസ നടൻ ഡാനിയേൽ ഡേ ലുയിസിന് ശേഷം ഓസ്കർ അയർലണ്ടിലേക്ക് എത്തിക്കുന്നുള്ള നിയോഗം  കിലിയൻ മർഫിക്കാണെന്ന് ആരാധകര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. ഓസ്കാറിന് മുന്നോടിയായി വന്ന പുരസ്കാരങ്ങൾ ഒരു സൂചനയായി എടുത്താൽ എതിരാളികൾ ഇല്ലാതെയാണ് കിലിയൻ മർഫിയുടെ പോക്ക്. ആദ്യ  നാമനിർദേശം തന്നെ ഓസ്ക്കർ ആക്കി മാറ്റുന്നുവെന്ന അപൂർവതയും  മർഫിയെ കാത്തിരിക്കുന്നുണ്ട്.