കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ തെലുങ്കിലേക്ക് മൊഴിമാറ്റിയെത്തിയ പ്രേമലുവിനെ പ്രശംസിച്ച് സംവിധായകന്‍ എസ് എസ് രാജമൗലി. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ റൊമാന്‍റിക്–കോമഡി ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് ഏറ്റെടുത്തത് .
ചിത്രത്തില്‍ ആദി എന്ന കഥാപാത്രം ചെയ്ത നടന്‍ ശ്യാം മോഹനെ ഏറെ ഇഷ്ടമായെന്ന് രാജമൗലി ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിലെ റീനു, സച്ചിന്‍ എന്നീ കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടുവെന്നും പക്ഷേ തന്‍റെ ഫേവറേറ്റ് ആദിയാണെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.
''കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്തതില്‍ വളരെ സന്തോഷം. ചിരിയുടെ കലാപമാണ് ചിത്രം. യൂത്തിന്റെ ഭാഷ പൂർണ്ണമായി ചിത്രത്തിൽ കൊണ്ടുവന്ന എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. ട്രെയിലറില്‍ തന്നെ റീനു എന്ന പെൺകുട്ടിയെ വളരെയധികം ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രവും വളരെ നന്നായിട്ടുണ്ട് . പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ...ജസ്റ്റ് കിഡ്ഡിംഗ്', എന്നാണ് രാജമൗലി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
'എന്ത് പറയണം എന്നറിയില്ല, ഞാന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് രാജമൗലി സാർ..ഇത് ലൈഫ് ടൈം സെറ്റിൽമെന്‍റ് ', എന്ന് രാജമൗലിയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ശ്യാം മോഹന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നസ്‌ലെൻ ഗഫൂർ, മമിത ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ.ഡിയാണ്.ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമ്മിച്ചിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.