എ.ആർ.റഹ്മാൻ അവതരിപ്പിച്ച പാട്ടുകാരിൽ പലരും ഇന്നും സിനിമാരംഗത്ത് തിളക്കത്തോടെ നിൽക്കുന്നു. എന്നാൽ മറ്റുചിലർ ഒന്നോ രണ്ടോ സിനിമകൾ കഴിഞ്ഞ് ഈ രംഗത്തുനിന്ന് അപ്രത്യക്ഷരായി. അതിന് കാരണങ്ങൾ പലതാണെന്ന് സാക്ഷാൽ എ.ആർ.റഹ്മാൻ തന്നെ പറയുന്നു. ചില പാട്ടുകാർ നല്ല സ്മാർട്ടാണ്. അവർ സ്വയം തിരിച്ചറിഞ്ഞും മെച്ചപ്പെടുത്തിയും മുന്നോട്ടുപോകും. നമുക്ക് കുതിരയെ വെള്ളത്തിനരികിൽ വരെയേ നയിക്കാൻ കഴിയൂ. അതുകഴിഞ്ഞാൽ മുന്നോട്ടുള്ള വഴി അവർ തന്നെ കണ്ടെത്തണം. 

 

'സിനിമാസംഗീതരംഗത്ത് സ്വയം മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടത് പ്രധാനമാണ്. ചിലർ നിലനിൽക്കും, ചിലർ വിട്ടുപോകും. വിവാഹം കഴിഞ്ഞാൽ ചിലരുടെ മുൻഗണനകൾ മാറും. അവർ പാട്ടുനിർത്തും. ചിലർ മറ്റ് ജോലികൾ കണ്ടെത്തും. ഓരോരുത്തരും പാട്ടിന് നല്‍കുന്ന സംഭാവന എന്താണെന്നാണ് ഞാന്‍ നോക്കുന്നത്. അതുവഴി ഒരു കേള്‍വിക്കാര്‍ക്ക് എങ്ങനെ വ്യത്യസ്തമായ അനുഭവം നല്‍കാനാകുമെന്നും. എനിക്ക് എന്തായാലും ഒരു കരിയര്‍ ഉപദേശകനാകാനൊന്നും കഴിയില്ല...'

 

 

താങ്കളുടെ മക്കള്‍ രണ്ടുപേരും ഇപ്പോള്‍ സംഗീതരംഗത്തുണ്ട്. അവരുടെ വളര്‍ച്ചയെ എങ്ങനെയാണ് നോക്കിക്കാണുന്നത്. എത്രത്തോളം പ്രഫഷണലായാണ് അവര്‍ മുന്നോട്ടുപോകുന്നത്? 

 

ഞാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി അനേകം വിഖ്യാത കംപോസര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിഹാസങ്ങളുടെ ചുമലില്‍ ചാരിയാണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഞങ്ങളുടെ മുന്‍തലമുറ അത്തരത്തിലുള്ള ഇതിഹാസങ്ങളായിരുന്നു. അവരില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു. അതിനുശേഷം സ്വന്തമായി മുന്നോട്ടുപോയി. സ്വന്തം സൃഷ്ടികള്‍ ഉണ്ടാക്കി. അടുത്ത തലമുറ ഞങ്ങളുടെ ചുമലില്‍ ചാരിയാകും നില്‍ക്കുന്നത്. അവരും സ്വന്തം ഇടമുണ്ടാക്കും. ഖദീജ സംഗീതജ്ഞയെന്ന നിലയില്‍ സ്വയം കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. അവൾ കംപോസ് ചെയ്യുന്നുണ്ട്, പാടുന്നുണ്ട്. സന്നദ്ധസംഘടനകളില്‍ പ്രവർത്തിക്കുന്നുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അമീൻ ഇപ്പോൾ പാടുന്നുണ്ട്. ഒന്നുരണ്ടുവർഷം കഴിഞ്ഞാൽ അവൻ പാട്ടുകൾ കംപോസ് ചെയ്യാൻ തുടങ്ങിയേക്കാം. അങ്ങനെയൊക്കെയാണ് പ്രതീക്ഷകൾ.

I can't be a career advisor to musicians, says AR Rahman