ബെംഗളൂരുവില്‍ അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്‍ ആരാധകര്‍. കെ.ആർ പുരത്ത് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടിയുണ്ടാകും എന്ന് പ്രഖ്യാപിച്ച് പൊലീസും രംഗത്തെത്തി.
നടന്‍ അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോ. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെയടക്കം വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്. കൂട്ടത്തില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയയോയിലുണ്ട്.
എക്സില്‍ ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൂപ്പര്‍ താരം പ്രഭാസിന്‍റെ ആരാധകനാണെന്നാണ് മര്‍ദനമേറ്റത് എന്നാണ് റിപ്പോര്‍ട്ട്. ‘അല്ലു അർജുൻ ഫാൻസ് vs പ്രഭാസ് ഫാൻസ്’ എന്ന തരത്തിലുള്ള കമന്‍റുകളും വിഡിയോക്ക് താഴെ നിറയുന്നുണ്ട്. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Actor Allu Arjun’s fans beat up a man in Bengaluru; Ask him to chant actor's name