sujathabirthday

മലയാളികളുടെ പ്രിയഗായിക സുജാതയ്ക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. പതിറ്റാണ്ടുകളായി ആസ്വാദക മനസില്‍ തേന്‍മഴ പൊഴിക്കുകയാണ് ഈ കൊച്ചുവാനമ്പാടി. ഓടക്കുഴല്‍ നാദം പോലെ ഇമ്പമാര്‍ന്ന സ്വരമാധുര്യമാണ് സുജാതയുടേത്. കാലം ഏറ്റെടുത്ത ഈ പാട്ടും പാട്ടുകാരിയും  പതിറ്റാണ്ടുകളായി മലയാളിയുടെ മനസ്സില്‍ സംഗീതത്തിന്ർറെ തേന്‍മഴ പൊഴിക്കുകയാണ്. 

1963 മാര്‍ച്ച് 31 ന് കൊല്ലവര്‍ഷം 1138 മീനമാസം 17 ാം തിയതി രാവിലെ തിരുവാതിര നക്ഷത്രത്തിലാണ് സുജാതയുടെ ജനനം.

പാട്ടിന്റെ തിരുവാഭരണം ചാര്‍ത്തി മലയാളിയുടെ നക്ഷത്രമായി മാറാന്‍ അധികമൊന്നും കാത്തിരിക്കേണ്ടിവന്നില്ല സുജാതയ്ക്ക്. കൊഞ്ചല്‍ മാറാത്ത പ്രായത്തില്‍ തുടങ്ങിയ യാത്രയില്‍ നിന്നും ആ കൊഞ്ചല്‍ തന്റേത് മാത്രമായ ശൈലിയാക്കിയെടുത്തപ്പോള്‍ മലയാള മനസുകളിലേക്ക് പിടഞ്ഞുകയറിയത് ഭാവസുരഭിലമായ ഒരുപിടി ഗാനങ്ങളാണ്. പ്രണയമണിത്തൂവല്‍ പൊഴിച്ച് മഴയായ് അതിങ്ങനെ നമ്മളിലേക്ക് പെയ്തിറങ്ങുമ്പോള്‍ അത് ഹൃദയം കൊണ്ടുതന്നെ ഏറ്റുപാടുന്നു ഓരോ ആസ്വാദകനും. 

എഴുപതുകളിലെ ഗാനമേള സ്റ്റേജുകളില്‍ ബേബി സുജാതയായും കൊച്ചു വാനമ്പാടിയായും പേരെടുത്ത അവര്‍  യേശുദാസിനൊപ്പം വേദികളില്‍ നിറസാന്നിധ്യമായി. പിന്നീട് തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ തുടങ്ങിയ പിന്നണി ഗാനരംഗത്തുനിന്നും പ്രശസ്തിയുടെ പൊന്നാടകള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു.

ഇളയരാജ, റഹ്മാന്‍  വിദ്യാസാഗര്‍,  ഔസേപ്പച്ചന്‍, ജോണ്‍സന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, എം. ജയചന്ദ്രന്‍, രമേശ് നാരായണന്‍ തുടങ്ങി സുജാതയുടെ സ്വരമാധുര്യം തിരിച്ചറിഞ്ഞ് ഈണങ്ങള്‍ സമ്മാനിച്ചവരുടെ നിര ഏറെ വലുതാണ്. കാലങ്ങളായ് മനസില്‍ പതിഞ്ഞ ലീലയും ജാനകിയും സുശീലയും വസന്തയും ഒന്നുമല്ലാത്ത മറ്റൊരു ശബ്ദം. അതായിരുന്നു സുജാതയുടെ പാട്ടുകള്‍. കാതില്‍ പ്രണയസല്ലാപം നടത്തുന്ന ഒരു പ്രണയിനിയുടെ ഭാവം എന്നും സുജാതയുടെ ശബ്ദത്തിലുണ്ട്.

ഭാഷാ അതിര്‍വരമ്പുകളില്ലാതെ ആസ്വാദക മനസ്സിലേക്ക് ഒഴുകിയെത്തി അവരുടെ പാട്ടുകള്‍. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരമടക്കം അനേകം അവാര്‍ഡുകള്‍ അവരെത്തേടിയെത്തി. സമകാലീന ഗായകര്‍ക്ക് ലതാ മങ്കേഷ്കര്‍ മാതൃക ആയപ്പോള്‍ സുജാതയെ വശീകരിച്ചത് ആശ ബോസ്ലെ ആയിരുന്നു. 

പൂര്‍ണ ചന്ദ്രനെപ്പോലെ വിരിയുന്ന ചിരിയും ഹൃദയങ്ങളെ തൊട്ടുരുമ്മിപ്പോകുന്ന  സംഗീതവും തലമുറകള്‍ക്ക് മറക്കാനാകില്ല. കാലം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ആ ശബ്ദം അതിമധുരമായി നമ്മുടെ കാതുകളില്‍ തേന്‍മഴ പൊഴിക്കുന്നു. ആയിരം കാതുകളും ആയിരം കണ്ണുകളുമായി മലയാളത്തിന്റെ ആ ശബ്ദ സൗന്ദര്യത്തിനായി ഇനിയുമിനിയും കാത്തിരിക്കുന്നു.. നമുക്കായി, എന്നും മധുരമായി പാടട്ടെ ബേബി സുജാത..

sujatha mohan 61st birthday today

 

Community-verified icon