TAGS

ദംഗല്‍ സിനിമയുടെ ഷൂട്ടിങ് സമയം പഞ്ചാബിലെ ജനങ്ങളുമായി ഇടപെട്ടതിനെ കുറിച്ചും കൈ കൂപ്പി നമസ്തേ പറയാന്‍ പഠിച്ചതിനെ കുറിച്ചും പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒരു മുസ്​ലിം കുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ കൈ കൂപ്പി നമസ്തേ പറയാന്‍ താന്‍ ശീലിച്ചിട്ടില്ലായിരുന്നു എന്നും നമസ്തേയുടെ ശക്തി പഞ്ചാബിലെ ജനങ്ങളില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്നും ആമിര്‍ ഖാന്‍ പറയുന്നു. 

ഞാന്‍ മുസ്​ലിം കുടുംബത്തില്‍ നിന്നാണ് വരുന്നത്. കൈ കൂപ്പി നമസ്തേ പറയുന്നത് ശീലിച്ചിട്ടില്ല. കൈ ഉയര്‍ത്തിയും തല കുനിച്ചും അഭിവാദ്യം പറയുകയാണ് ചെയ്തിരുന്നത്. ദംഗലിന്റെ ഷൂട്ടിങ്ങിനായി പഞ്ചാബില്‍ ചിലവിട്ട ആ രണ്ടര മാസത്തിനിടയിലാണ് നമസ്തേയുടെ ശക്തി ഞാന്‍ മനസിലാക്കുന്നത്. അതൊരു മനോഹരമായ വികാരമാണ്. പ‍ഞ്ചാബിലെ ജനങ്ങള്‍ എല്ലാവരേയും ബഹുമാനിക്കുന്നു. വലിപ്പച്ചെറുപ്പും നോക്കി അവര്‍ വിവേചനം കാണിക്കില്ല, ആമിര്‍ ഖാന്‍ പറയുന്നു. 

പഞ്ചാബിലെ ജനങ്ങളിലും അവരുടെ സംസ്കാരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സ്നേഹമാണ്. ദംഗലിന്റെ ഷൂട്ടിങ് പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. ആ ലൊക്കേഷനില്‍ രണ്ട് മാസത്തോളം ഷൂട്ടിങ് നടന്നു. പുലര്‍ച്ചെ അഞ്ച് മണിക്കെല്ലാം ഞാന്‍ അവിടെ എത്തുമ്പോള്‍ എന്നെ കാണാനായി അവര്‍ അവരുടെ വീടിന് പുറത്ത് കൈകൂപ്പി നിന്നിരുന്നു. എന്നെ ഒരു തരത്തിലും അവര്‍ ശല്യപ്പെടുത്തിയില്ല. എന്റെ കാര്‍ തടഞ്ഞില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും അവര്‍ എനിക്ക് ശുഭരാത്രി നേര്‍ന്നുകൊണ്ട് വീടുകള്‍ക്ക് മുന്‍പില്‍ നിന്നിരുന്നു, കപില്‍ ശര്‍മ ഷോയില്‍ സംസാരിക്കവെ ആമിര്‍ ഖാന്‍ പറഞ്ഞു. 

Aamir khan talking about people of Punjab