ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. സിനിമയുടെ മുഴുവൻ പതിപ്പ് ട്രെയിനിൽ ഇരുന്നു കാണുന്ന ഒരു യുവാവിന്റെ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഇരുന്നാണ് ഒരാൾ സിനിമ കാണുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് മഞ്ജിത് പറയുന്നു.
ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെ ഫലമായ സിനിമ ഇത്തരത്തിൽ വ്യാജപതിപ്പിറക്കി പ്രചരിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്ത വ്യക്തിയെ കണ്ടെത്താൻ പൊതുജനങ്ങളും പൊലീസും സഹായിക്കണം എന്നുപറഞ്ഞാണ് മഞ്ജിത് സമൂഹ മാധ്യമങ്ങളിൽ വിഡിയോയും കുറിപ്പും പങ്കുവച്ചത്.