കേരളത്തിൽനിന്ന് മുംബൈയിൽ ജോലിക്ക് എത്തിയ രണ്ട് നഴ്സുമാരുടെ കഥ പറയുന്ന സിനിമയാണ് കാനിൽ പുരസ്കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിൽ നാല് മലയാളി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് , ഹൃദു ഹാരുൺ. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയുടെ പിന്നിലും ഉണ്ട് സജീവമായ മലയാളി സാന്നിധ്യം . സിനിമയുടെ സഹ സംവിധായകൻ റോബിൻ ജോയ് പാലക്കാട് സ്വദേശിയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധായിക പായൽ കപാഡിയയുടെ ജൂനിയറും സുഹൃത്തും ആയിരുന്നു റോബിൻ. ഈ സൗഹൃദമാണ് സിനിമയിൽ എത്തിയത്. സിനിമയിലെ മലയാളം പശ്ചാത്തലം ഏറ്റവും മനോഹരമാക്കാൻ സഹായിച്ചത് റോബിൻ ആണ് എന്ന് പായലും കനിയും അഭിമുഖങ്ങളിൽ എടുത്തുപറഞ്ഞിട്ടുണ്ട്. കാനിൽ സിനിമാ സംഘത്തിനൊപ്പമുള്ള റോബിൻ മനോരമ ന്യൂസിനോട്.
പുരസ്കാരം പ്രഖ്യാപിച്ച നിമിഷം..
'അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ വളരെ എക്സൈറ്റഡ് ആയിരുന്നു. സ്ക്രീനിങ് കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് പേർ വന്നു സംസാരിച്ചു, വളരെ നല്ല അഭിപ്രായം പറഞ്ഞു. ഞങ്ങൾ രണ്ടു വർഷമായി ഈ പടത്തിനു വേണ്ടി വർക്ക് ചെയ്തു. അതുകൊണ്ട് ആ ഹാർഡ് വർക്ക് ഇങ്ങനെ ഫലം കണ്ടതിൽ എല്ലാവരും സന്തോഷത്തിലായി .
സഹപ്രവർത്തകരെക്കുറിച്ച്...
'പായൽ കപാഡിയ ശരിക്കും ഈ പുരസ്കാരത്തിന് അർഹയാണ്. അതുപോലെ മലയാളത്തിലെ നമ്മുടെ നാല് താരങ്ങളും . മലയാള സിനിമയ്ക്കും ഇത് അഭിമാനമാണ്. പായൽ വളരെ ഫോക്കസ്ഡ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്. സിനിമയ്ക്ക് എന്താണ് വേണ്ടത് എന്ന നല്ല വ്യക്തത ഉണ്ട്, കൃത്യമായ കാഴ്ചപ്പാടും'
സിനിമയിലെ മലയാളം...
'പായലിന് മലയാളം അറിയില്ലെങ്കിലും ഭാഷ പറഞ്ഞു കേൾക്കുമ്പോൾ ഏത് ടോൺ ആണ് വേണ്ടത്, കൂടുതൽ നല്ല വാക്ക് ഉണ്ടാകുമോ എന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. എൻ്റെ പ്രധാനപ്പെട്ട ജോലിയും ആ ഏരിയയിലായിരുന്നു. മലയാളം ഡയലോഗ് എഴുതാൻ ഞാനും എന്‍റെ സുഹൃത്ത് നസീമും ഉണ്ടായിരുന്നു. പായലിന്‍റെ ' എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന സിനിമയുടെ സ്ക്രീനിംഗ് സമയത്താണ് ഈ പുതിയ സിനിമയെക്കുറിച്ചുള്ള ചർച്ച വരുന്നത് അങ്ങനെ ഞാനും സിനിമയുടെ ഭാഗമായി'. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2020 മാർച്ചിലാണ് റോബിൻ കോഴ്സ് പൂർത്തിയാക്കിയത്. പാലക്കാട് കൽമണ്ഡപത്താണ് വീട്.