റിലീസിനു തയ്യാറെടുക്കുന്ന ഗം ഗം ഗണേശ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ വിജയ് ദേവരക്കൊണ്ടയുെട സഹോദരന്റെ ചോദ്യവും രശ്മികമയുടെ മറുപടിയും വൈറലാകുന്നു. ആനന്ദ് ദേവരകൊണ്ടയും പ്രഗതി ശ്രീവാസ്തവയും അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു രശ്മിക മന്ദാന. ചിത്രത്തിലെ നായകനായ ആനന്ദ് ദേവരക്കൊണ്ട ഒപ്പമുണ്ടായിരുന്ന രശ്മികയോട് ഏറ്റവും പ്രിയപ്പെട്ട സഹതാരമാരെന്ന് ചോദിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായ ഈ ചോദ്യം വന്നതോടെ മറുപടി പറയാതെ ചിരിക്കുകയായിരുന്നു രശ്മിക. എന്നാല്‍ കാണികള്‍ വിജയ് ദേവരകൊണ്ടയുടെ പേര് ആര്‍ത്തുവിളിച്ചതോടെ വിജയ്‌യുടെ വിളിപ്പേരായ ‘റൗഡി ബോയ്’എന്ന് രശ്മിക മറുപടി പറഞ്ഞു.
ആനന്ദിന്റെ ചോദ്യം വന്നതോടെ ചിരിയും നാണവും കലര്‍ന്ന ഭാവത്തോടെയാണ് രശ്മിക മറുപടി നല്‍കിയത്. നമ്മള്‍ ഒരേ കുടുംബമാണെന്നും ഇത്തരം ചോദ്യങ്ങളൊക്കെ ചോദിക്കാമോ എന്നും രശ്മിക തിരിച്ചുചോദിക്കുന്നുണ്ട്. ഒടുവില്‍ ചിരിയോടെ തന്നെ റൗഡി ബോയ് എന്ന മറുപടിയാണ് രശ്മിക നല്‍കുന്നത്. ആനന്ദിന്റെ ചോദ്യവും രശ്മികയുടെ മറുപടിയും സോഷ്യല്‍മീഡിയകളില്‍ വൈറലാണ്.
ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ്' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെ വാർത്തകളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരും പ്രണയത്തിലാണെന്ന് ഊഹാപോഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ പ്രണയം രശ്മിക തന്നെ തുറന്നു പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും സ്ഥിരമായി പറയാറുണ്ടെങ്കിലും അവർ ഒരുമിച്ച് യാത്രകൾ പോകാറുണ്ടെന്നും അവധിക്കാലം ചെലവഴിക്കാറുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. വിജയ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന ചിത്രമായ രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ‘വിഡി14’ എന്ന ചിത്രത്തിലൂടെ വിജയും രശ്മികയും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.