Web-Plus-Riyas-New

തിയറ്ററുകളിൽ തരംഗം തീർത്ത് മമ്മൂട്ടിയുടെ ടര്‍ബോ ജോസ് നിറയുമ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത് മറ്റൊരു ജോസ് ആണ്. 20 വർഷം മുമ്പ് സിബി മലയിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജലോൽസവം എന്ന സിനിമയിലെ ദുബായ് ജോസ് എന്ന കഥാപാത്രമാണ് ദിവസമായി സോഷ്യൽ മീഡിയ ഭരിക്കുന്നത്. റിയാസ് ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്.  ഈ കഥാപാത്രത്തെയാണിപ്പോൾ സാമൂഹിക മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ജലോത്സവത്തിൽ റിയാസ് ഖാന്റെ ഈ കഥാപാത്രം പലയിടങ്ങളിലായി ഉപയോ​ഗിക്കുന്ന അടിച്ചു കേറി വാ എന്ന സംഭാഷണവും ഇപ്പോൾ ട്രെൻഡിങ്ങാണ്. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ‘ജോസ്’ റീലുകളും മീമുകളും ആണ്. ‘ദുബായ് ജോസ്‘ വൈറലായതോടെ പലരും അതിനു കാരണവും തേടുന്നുണ്ട്. കാര്യം മനസ്സിലാകാത്തവരും റീലുകൾ ഷെയർ ചെയ്യുന്നുണ്ട്. ടർബോ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ടർബോ ജോസ് എന്നാണ്. മലയാളസിനിമയിൽ മുൻപ് വന്നിട്ടുള്ള ജോസുമാർ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണമായിരിക്കാം ദുബായ് ജോസിലേക്കെത്തിയത് എന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ ട്രെൻഡ് വിലയിരുത്തപ്പെടുന്നത്. സൈബറിടത്ത് ദുബായ് ജോസ് വൈറലാകുമ്പോള്‍ റിയാസ് ഖാന്‍ മനോരമ ന്യൂസ് ഡോട് കോമിനോട് ദുബായ് ജോസിനെ പറ്റി മനസ് തുറക്കുന്നു.

അന്ന് ഹിറ്റായില്ല; 20 വർഷത്തിന് ശേഷം ഹിറ്റ് 

സോഷ്യല്‍ മീഡിയയില്‍ ആകെ  ദുബായ് ജോസ് നിറയുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എല്ലായിടത്തും അടിച്ചുകയറി ദുബായ് ജോസാണ്. ഞാന്‍ ഇതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ കൊടുക്കുന്നത് സംവിധായകനായ സിബി മലയിലില്‍ സാറിനാണ്. സാറാണ് എനിക്ക് ദുബായ് ജോസ് എന്ന വേഷം തന്നത്. എനിക്ക് വേണ്ടി ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് വന്നിരുന്ന് സാര്‍ എഴുതിയ കഥാപാത്രമാണ് ദുബായ് ജോസ്. ഓരോ തവണയും കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് തന്നും മാറ്റം വരുത്തിയും സാര്‍ തന്നെ ഉണ്ടാക്കിയെടുത്തതാണ് ദുബായ് ജോസ് .

എന്‍റെ മനസില്‍ അടിച്ചുകയറിയ ‘ദുബായ് ജോസ്’

എന്‍റെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടം നിറഞ്ഞ വേഷങ്ങളില്‍ ഒന്നാണ് ദുബായ് ജോസ്. ആ കഥാപാത്രം എന്നെ കൊണ്ട് ചെയ്യാന്‍ പറ്റും എന്ന് സിബി സാര്‍ തീരുമാനിച്ചിടത്താണ് ദുബായ് ജോസ് ഉണ്ടാവുന്നത്. മലയാളം വായിക്കാനോ എഴുതാനോ അറിയാത്ത എന്നെകൊണ്ട് തന്നെ സാര്‍ ആ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യിപ്പിച്ചു. എനിക്ക് വേണ്ടി മൂന്ന് ദിവസം സ്റ്റുഡിയോ എടുത്താണ് ഡബ്ബ് ചെയ്യിപ്പിച്ചത്. മുഴുവന്‍ സമയവും എനിക്ക് ഒപ്പം ഇരുന്നാണ് സാര്‍ ആ കഥാപാത്രത്തെ ഡബ്ബ് ചെയ്യിപ്പിച്ചത്. 

മലയാളം വായിക്കാനോ എഴുതാനോ അറിയാത്ത എന്നെകൊണ്ട് തന്നെ സാര്‍ ആ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യിപ്പിച്ചു

 

വൈറല്‍ ജോസില്‍ ഡബിള്‍ ഹാപ്പി 

സോഷ്യല്‍ മിഡിയില്‍ ഇപ്പോള്‍ അടിച്ച് കേറി വാ ജോസാണ്. ശരിക്കും ആ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യതില്‍ വളരെയധികം സന്തോഷത്തിലാണ്. കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുമ്പോഴാണല്ലോ ഒരു നടന്‍ എന്ന നിലയില്‍ സന്തോഷം തോന്നുന്നത്. ഏതായാലും ദുബായ് ജോസ് സൈബറിടം ആകെ നിറയുകയാണ്. 

ENGLISH SUMMARY:

Dubai Jose, portrayed by Riyas Khan in the Malayalam movie Jalolsavam, has gained viral attention on social media