ജീവിതത്തിന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ഓര്‍മ്മിച്ചെടുത്ത് വിഘ്നേശ് ശിവൻ. നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം കുറിപ്പ് പങ്കുവച്ചത്. ഹോങ് കോങിലെ ഡിസ്നി ലാൻഡ് റിസോർട്ടില്‍ നില്ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്ത് 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ട് എന്നും അന്ന് കാലില്‍ റബർ ചെരുപ്പും കയ്യിൽ വെറും 1000 രൂപയുമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത് എന്നും വിഘ്നേശ് പോസ്റ്റില്‍ കുറിച്ചു.
ഇന്ന് അതേ സ്ഥലത്ത് നില്ക്കുമ്പോള് വിഘ്നേശിനൊപ്പം ഭാര്യ നയൻതാരയും രണ്ട് ഇരട്ടക്കുട്ടികളും കൂടെയുണ്ട്. ‘പോടാ പോടീ’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനുമതി തേടിയാണ് 12 വർഷം മുമ്പ് അദ്ദേഹം ഇവിടെ എത്തിച്ചേര്‍ന്നത്. വിഗ്നേഷ് ശിവൻ ആദ്യമായി സംവിധായകനായതും ഈ ചിത്രത്തിലൂടെയാണ്.
ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ വിഘ്നേഷ് ശിവനും നയന്‍താരയും. മക്കളായ ഉയിരും ഉലകവും ഇവര്‍ക്കൊപ്പമുണ്ട്. അവധിക്കാലത്തെ മനോഹരമായ ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. മഴയത്ത് കുട ചൂടി വിഘ്നേഷ് ശിവനൊപ്പം നടക്കുന്ന നയന്‍താരയുടെ ചിത്രവും പങ്കുവച്ചിരുന്നു. 'ഹൃദയവും ആത്മാവും' എന്ന ക്യാപ്ഷനോടെയാണ് ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ നയന്‍താര പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിഘ്നേശ് ശിവന് പോസ്റ്റ് ഇട്ടതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.