ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും. ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും നേടാന്‍ സാധിച്ചിട്ടില്ല എങ്കിലും എന്‍ഡിഎയും ഇന്ത്യമുന്നണിയും ഭരണത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ തുടരുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സിനിമാ–സീരിയല്‍ മേഖലയില്‍ കഴിവുതെളിയിച്ചവരും വിജയിച്ച സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. 18-ാം ലോക്‌സഭയിലേക്ക് എത്തുന്ന അഭിനേതാക്കളില്‍ ചിലരെ പരിചയപ്പെടാം.
സുരേഷ് ഗോപി
കേരളത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച താരമാണ് സുരേഷ് ഗോപി. 74686 വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലം സ്വന്തമാക്കിയത്. സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുമായി മലയാളത്തിലെ പ്രമുഖതാരങ്ങള്‍ എത്തിയിരുന്നു.
പവൻ കല്യാൺ
തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാൺ ജനസേന പാർട്ടിയുടെ സ്ഥാപകനും നേതാവുമാണ്. ആന്ധ്രപ്രദേശിലെ പിതപുരത്ത് വൈഎസ്ആർസിപിയുടെ വംഗഗീത വിശ്വനാഥത്തെ പരാജയപ്പെടുത്തിയാണ് പവൻ 18 -ാം ലോക്‌സഭയിലേക്ക് എത്തുന്നത്.
കങ്കണ റണാവത്ത്
ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിച്ച് ജയിച്ച മറ്റൊരു സ്ഥാനാര്‍ഥി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നായിരുന്നു മത്സരിച്ചത്. വിക്രമാദിത്യ സിങ്ങായിരുന്നു കങ്കണയുടെ എതിര്‍ സ്ഥാനാര്‍ഥി.
ഹേമമാലിനി
നടിയും ബിജെപി സ്ഥാനാർഥിയുമായ ഹേമമാലിനി മഥുരയിൽ നിന്ന് 53.3 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. കോൺഗ്രസിന്റെ മുകേഷ് ധനഗർ ആയിരുന്നു ഹേമമാലിനിയുടെ എതിർസ്ഥാനാർഥി.
ശത്രുഘ്‌നൻ സിൻഹ
പശ്ചിമബംഗാളിൽ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മല്‍സരിച്ച താരമാണ് ശത്രുഘ്‌നൻ സിൻഹ.
59,564 വോട്ടുകൾ നേടിയാണ് ശത്രുഘ്‌നൻ സിൻഹ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ സുരേന്ദ്രജീത് സിംഗ് അലുവാലിയയിരുന്നു താരത്തിന്‍റെ എതിരാളി.
മനോജ് തിവാരി
ഭോജ്പൂരി താരമായ മനോജ് തിവാരി ബിജെപി സ്ഥാനാർഥിയായിരുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ച മനോജ് തിവാരി കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലേക്ക് എത്തുന്നത്.
രചന ബാനർജി
ബംഗാളിൽ താരപോരാട്ടം നടന്ന മറ്റൊരു മണ്ഡലമായിരുന്നു ഹുഗ്ലി. ബംഗാളി നടിമാരായ രചന ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടിയും ലോക്കറ്റ് ചാറ്റർജി ബിജെപിക്ക് വേണ്ടിയും മത്സരിച്ചു. കടുത്ത മത്സരത്തിന് ഒടുവിൽ രചന ബാനർജി 60,000 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു.
ദേവ് അധികാരി
ബംഗാളി നടനായ ദേവ് അധികാരി തൃണമൂൽ സ്ഥാനാർഥിയായി പശ്ചിമബംഗാളിലെ ഘട്ടൽ മണ്ഡലത്തിലാണ് മത്സരിച്ചത്. ബംഗാളി നടനായ ഹിരൺ ചാറ്റർജിയായിരുന്നു എതിർസ്ഥാനാർത്ഥിയെങ്കിലും 1,82,868 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദേവ് അധികാരി വിജയിച്ചു.
അരുൺ ഗോവിൽ
രാമാനന്ദ് സാഗറിന്‍റെ രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച വ്യക്തിയാണ് അരുൺ ഗോവില്‍. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അരുൺ ഗോവിൽ മത്സരിച്ചത്.
രവി കിഷൻ
നടനായ രവികിഷൻ ബിജെപി സ്ഥാനാർഥിയായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് എസ്പിയുടെ കാജൽ നിഷാദിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രവി കിഷൻ വിജയിച്ചത്.
സതാബ്ദി റോയ്
ബംഗാളി നടിയും മൂന്ന് തവണ തൃണമൂൽ എംപിയുമായ സതാബ്ദി റോയ് ബിർഭൂം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.