നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണത്തില്‍ നിലപാട് പറഞ്ഞ് നടനും സംവിധായകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ മേജർ രവി. ഏതോ വേദിയിൽ, സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞത് കയ്യടി കിട്ടാൻ വേണ്ടിയായിരിക്കാം. അതിൽ വ്യക്തിവൈരാഗ്യം ഉണ്ടെന്നു കരുതുന്നില്ല. നിമിഷയ്ക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച ലൈവ് വിഡിയോയിലാണ് മേജർ രവി ഇക്കാര്യം വ്യക്തമാക്കിയത്.
ലൈവിൽ പല വിഷയങ്ങൾ പറഞ്ഞു പോകുന്നതിനിടെയിലാണ് നിമിഷയ്ക്കെതിരായ സൈബർ ആക്രമണത്തെ പറ്റി സംസാരിക്കുന്നത്. ‘റിസൽട്ട് വന്നതിന് പിറ്റേ ദിവസം തൊട്ട് കാണുന്ന വലിയ സംഭവമെന്ന് പറഞ്ഞാൽ, ഒരു ആർട്ടിസ്റ്റ്.. നിമിഷയുടെ പേരിലുള്ള പോസ്റ്റിനെ ഇട്ട് തലങ്ങും വിലങ്ങും ഇട്ടിടിച്ച്... ആ കുട്ടിയെ മാനസികമായി വേദനിപ്പിക്കുന്ന കമൻറുകൾ കണ്ടിരുന്നു. ആദ്യം ഒന്ന് മനസിലാക്കുക.. ആ കുട്ടി രാഷ്ട്രീയക്കാരിയല്ല, ആർട്ടിസ്റ്റാണ്, രാഷ്ട്രീയക്കാരിയെണെങ്കിൽ നല്ല തൊലിക്കട്ടിയിൽ ഏത് തെറികേട്ടാലും പ്രശ്നമുണ്ടാകില്ലായിരുന്നു. ഈ കുട്ടിക്ക് ഇത് നേരിടാനുള്ള മാനസിക ശക്തിയുണ്ടോ എന്നറിയില്ല‘ എന്നിങ്ങനെയായിരുന്നു മേജർ രവിയുടെ വാക്കുകൾ.
ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെൺകുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക് ചെയ്യരുത്. നിങ്ങൾക്കൊന്നും വേറെ പണി ഒന്നുമില്ലെയെന്നും ഇതൊക്കെ നിർത്തിക്കൂടെയെന്നും ലൈവിൽ മേജർ രവി ചോദിക്കുന്നു. 'സുരേഷ് എന്റെ സുഹൃത്താണ്, ആ കുടുംബവും എനിക്ക് അടുപ്പമുള്ളതാണ്, ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സുരേഷിന് ഇഷ്ടപ്പെടും എന്നുകരുതി ആണ് പറയുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. സുരേഷ് വളരെയധികം സാത്വികനായ മനുഷ്യനാണ്, ഇനിയെങ്കിലും ഈ സൈബർ ആക്രമണം നിർത്തണം'– മേജർ രവി പറഞ്ഞു.
നാലു വർഷങ്ങൾക്ക് മുമ്പ് ഒരു പൊതുപരിപാടിയിൽ നിമിഷ സജയൻ നടത്തിയ പ്രസ്താവനയെ മുൻനിർത്തിയാണ് നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. ‘തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ’ എന്നാണ് നിമിഷ സജയൻ പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ഈ വിഡിയോ പ്രചരിക്കുകയും സൈബർ ആക്രമണം ഉണ്ടാവുകയുമായിരുന്നു.
അതേസമയം നിമിഷയ്ക്കെതിരായ സൈബർ ആക്രമണത്തെ നേരത്തെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എതിർത്തിരുന്നു. നടി, അന്ന് പറഞ്ഞതു കേട്ടപ്പോൾ വിഷമം തോന്നിയിരുന്നെന്നും എന്നാൽ ഇന്ന് അവർക്കെതിരെ നടക്കുന്ന വ്യക്തിഹത്യയോട് യോജിക്കാൻ കഴിയില്ലെന്നുമായിരുന്നു ഗോകുലിന്റെ വാക്കുകൾ.