11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയതാരം ജ്യോതിര്‍മയി മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. ഭര്‍ത്താവായ അമല്‍ നീരദിന്‍റെ സംവിധാനത്തിലെത്തുന്ന 'ബോഗയ്ൻവില്ല' ചിത്രത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും പുറത്തുവന്നു. തോക്കും പിടിച്ച് ഉഗ്രന്‍ ലുക്കിലാണ് ജ്യോതിര്‍മയിയുള്ളത്.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ആക്‌ഷൻ ത്രില്ലറായിരിക്കും ചിത്രമായിരിക്കുമെന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. കാര്യക്ടര്‍ പോസ്റ്ററുകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. കടും ചുവപ്പാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കലിപ്പ് ലുക്കിലാണ് താരങ്ങളെല്ലാം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
ഭീഷ്‍മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബിലാൽ വരാൻ ഇനിയും വൈകുമോ? എന്നുള്ള രസികന്‍ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്.