കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസില് അറസ്റ്റിലായ നടൻ ദർശൻ തൊഗുദീപ, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും പലവട്ടം മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പൊലീസുകാർ മോശമായി പെരുമാറിയോ എന്ന ജഡ്ജി വിശ്വനാഥ് സി. ഗൗഡറുടെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും. അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി നടൻ ദർശൻ തൊഗുദീപയുടെ കടുത്ത ആരാധകനാണെന്നും വെളിപ്പെട്ടു. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും.
ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടർന്നു പിടികൂടി ബെംഗളൂരുവിൽ എത്തിച്ചതെന്നാണ് വിവരം. ദർശന്റെ മാനേജർ പവന്റെ നിർദേശത്തെ തുടർന്നാണിത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്.
ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമായിരുന്നു ഇതെന്നാണ് വിവരം. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം.
കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദർഗയിൽ നിന്നു കാണാതായതിനെ തുടർന്ന് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. 9 നു കാമാക്ഷിപാളയയിൽ നിന്നു മൃതദേഹം കണ്ടെടുത്തത് പരിസരത്തെ അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ്. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു. മൃതദേഹം ചിത്രദുർഗ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദർശനിലേക്ക് എത്തിയത്.
ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മർദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക് ക്ഷതമേൽപ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. നേരത്തെ ദർശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച വിജനമായ 5 ഏക്കർ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദർശന്റെ വീടിനു 2 കിലോമീറ്റർ ചുറ്റളവിലാണിത്.