vignesh-bahubali-pose

Image Credit: instagram.com/wikkiofficial | Bahubali Poster

തങ്ങളുടെ ഇരട്ടകുട്ടികള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ മടികൂടാതെ പങ്കുവയ്ക്കുന്നവരാണ് താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയൻതാരയും. ഈ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇത്തവണയാകട്ടെ വ്യത്യസ്തമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്‍. ഞായറാഴ്ച ഫാദേഴ്സ് ഡേയോടനുബന്ധിച്ച് വിഘ്നേഷിന് ആശംസകളറിയിച്ച് നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെയെത്തിയ വിഘ്‌നേഷ് ശിവന്‍റെ പോസ്റ്റാണ് വൈറലായത്.

ഉയിരിനും ഉലകിനുമൊപ്പം സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയിലെ ഐക്കണിക് പോസാണ് വിഘ്നേഷ് പുനര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയെന്ന കഥാപാത്രം മുങ്ങിമരിക്കുമ്പോള്‍ ചോരക്കുഞ്ഞായ ബാഹുബലിയെ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപിടിക്കുന്ന പോസാണ് അനുകരിച്ചിരിക്കുന്നത്. ബാഹുബലിയുടെ റിലീസ് സമയത്ത് പോസ്റ്ററുകളില്‍ ആകെ നിറഞ്ഞുനിന്ന രംഗമായിരുന്നു ഇത്. 

‘എന്‍റെ പ്രിയപ്പെട്ട ബാഹുബലി 1 & 2. നിങ്ങളോടൊപ്പമുള്ള ജീവിതം വിസ്മയിപ്പിക്കുന്നതാണ്’ എന്ന് കുറിച്ചാണ് വിഘ്നേഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. നയന്‍താരയേയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. പിന്നാലെ കമന്‍റുമായി നയന്‍താരയുമെത്തി. വിഘ്നേഷ് ശിവന്‍റെ പോസ്റ്റ് നയന്‍താര പങ്കിടുകയം ചെയ്തിട്ടുണ്ട്. പോസ്റ്റിന് കമന്‍റുമായി ആരാധകരും എത്തിയിട്ടുണ്ട്.

2022 സെപ്റ്റംബര്‍ 26നാണ് വിഘ്നേഷും നയന്‍താരയും വാടക ഗര്‍ഭ പാത്രത്തിലൂടെ ഇരട്ടകുട്ടികളുടെ അഛനമ്മമാരായത്. കുട്ടികള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കിടാറുണ്ട്. ജൂണ്‍ ആദ്യം നയന്‍താരയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും ഒപ്പം ഹോങ് കോങിലെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രവും വിഘ്നേഷ് പങ്കുവച്ചിരുന്നു.

ENGLISH SUMMARY:

Vignesh Shivan recreates iconic Bahubali posewith his twin sons, Uyir and Ulag on Father's Day, June 16.