നടി ദീപിക പദുക്കോണിന്‍റെ ഗര്‍ഭകാല വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. താരം പൊതുഇടങ്ങളില്‍ എത്തുമ്പോഴുള്ള ചിത്രങ്ങളും വിഡിയോകളും ഞൊടിയിടയിലാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ‘കല്‍ക്കി 2898 എ.ഡി’ എന്ന ചിത്രത്തിന്‍റെ പ്രീ–റിലീസ് ചടങ്ങിനെത്തിയ ദീപികയുടെ വിഡിയോയും തരംഗമായിക്കഴിഞ്ഞു.

ചടങ്ങില്‍ സംസാരിച്ച ശേഷം സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ ദീപികയെ സഹായിക്കാനായി അമിതാഭ് ബച്ചനും പ്രഭാസും ഓടിച്ചെല്ലുന്നത് വിഡിയോയില്‍ കാണാം. ദീപികയുടെ കയ്യില്‍ ആദ്യം പിടിക്കുന്നത് പ്രഭാസാണ്. പിന്നാലെ എത്തിയ ബിഗ് ബി, പ്രഭാസിനോട് എന്തോ പറയുന്നതും ചിരിക്കുന്നതും കാണാം. സദസ്സിലാകെ പിന്നെ ചിരിമുഴക്കമാണ്.

അതിസുന്ദരിയായാണ് ചടങ്ങില്‍ ദീപിക എത്തിയത്. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രീകരണ അനുഭവങ്ങള്‍ താരം പങ്കുവച്ചു. ‘ഈ സിനിമയുടെ ഭാഗമായത് മികച്ച ഒരനുഭവമായിരുന്നു. പുതിയൊരു ലോകമായിരുന്നു അത്. നാഗിയുടെ മാജിക് ഇന്ന് എല്ലാവര്‍ക്കും കാണാം. പകരംവയ്ക്കാനില്ലാത്ത അനുഭവമാണ് വ്യക്തിപരമായും ജോലി സംബന്ധമായും ഈ സിനിമ എനിക്ക് നല്‍കിയത്’ എന്നാണ് ദീപിക പറഞ്ഞത്. 

പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വന്‍ താരനിരയാണ് ‘കല്‍കി 2898 എ.ഡി’യിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എ.ഡി. 2898ലെ കഥ പറയുന്നതാണ് ചിത്രം. ബുധനാഴ്ച മുംബൈയില്‍ വച്ചാണ് സിനിമയുടെ പ്രീ–റിലീസ് ചടങ്ങുകള്‍ നടന്നത്.

ENGLISH SUMMARY:

Mom-to-be Deepika Padukone looked stunning at Kalki 2898 AD's pre-release event. Videos goes viral on social media.