sonakshi-sinha

ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച ഇപ്പോള്‍ നടി സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും തമ്മിലുള്ള വിവാഹമാണ്. സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആരാധകരെ ആവേശത്തിലാക്കി  സൊനാക്ഷിയും സഹീറും ഔദ്യോഗികമായി ഭാര്യാഭർത്താക്കന്മാരായിരിക്കുകയാണ്. സൊനാക്ഷിയുടെ ബാന്ദ്രയിലെ വീട്ടില്‍ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിവാഹം കഴിഞ്ഞ കാര്യം ആരാധകരെ അറിയിച്ചത്. 

sonakshi-sinha-3

ഏഴ് വർഷം മുമ്പ് ഇതേ ദിവസം (23.06.2017)  ഞങ്ങള്‍ ഇരുവരും ഞങ്ങളുടെ കണ്ണുകളിൽ ശുദ്ധ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ സ്നേഹം എല്ലാ വെല്ലുവിളികളിലും വിജയങ്ങളിലും ഞങ്ങളെ ഒന്നിച്ച് നയിച്ചു. നമ്മുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഈ നിമിഷത്തിലേക്ക് എത്തി. ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോൾ മുതൽ എന്നേക്കും. പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഞങ്ങളൊന്നിച്ച് ഇവിടെ  ഉണ്ടാകും. എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്. 

sonakshi-sinha-1

വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ സൊനാക്ഷി ഇസ്​ലാമിലേക്ക് മതം മാറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ഇക്ബാലിന്‍റെ കുടുംബം വിശദീകരണവുമായി എത്തിയിരുന്നു. സൊനാക്ഷിയുടെയും സഹീറിന്‍റെയും വിവാഹം ഹിന്ദു രീതിയിലോ, മുസ്​ലിം രീതിയിലോ ആവില്ലെന്നും സിവില്‍ മാര്യേജ് ആയാകും നടത്തുകയെന്നും സഹീറിന്‍റെ പിതാവ് ഇക്ബാല്‍ രത്തന്‍സി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 'സൊനാക്ഷിയെ ആരും മതം മാറ്റുന്നില്ല. ഇത് രണ്ട് ഹൃദയങ്ങള്‍ ഒന്നാകുന്ന ചടങ്ങാണ്. മതങ്ങള്‍ക്ക് അവിടെ ഒരു പ്രസക്തിയുമില്ല. ഞാന്‍ മാനവികതയിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്​ലിംകള്‍ അള്ളായെന്നും വിളിക്കുന്നു. ഇതിലെല്ലാമുപരിയായി നമ്മളെല്ലാം മനുഷ്യരാണ്. സൊനാക്ഷിക്കും സഹീറിനും എക്കാലവും എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും'– ഇക്ബാല്‍ നിലപാട് വ്യക്തമാക്കി.

sonakshi-sinha-2

സൊനാക്ഷി വിവാഹിതയാകുന്ന വിവരം ശത്രുഘ്നന്‍ സിന്‍ഹയുടെ അടുത്ത സുഹൃത്തായ സാക്ഷി രഞ്ജനാണ് മാധ്യമങ്ങളോട് അറിയിച്ചത്. 2020 മുതല്‍ സൊനാക്ഷിയും സഹീറുമായി പ്രണയത്തിലാണ്. 2022 ല്‍ ഡബിള്‍ എക്സ് എല്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ജോഡി ബ്ലോക്ക് ബസ്റ്ററെന്ന മ്യൂസിക് വിഡിയോയും കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് പുറത്തിറക്കി.

ENGLISH SUMMARY:

Sonakshi Sinha and Zaheer Iqbal share FIRST glimpses as husband and wife