രാജ്യമൊട്ടാകെ നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് ആര് മാധവൻ. നിഷ്കളങ്കമായ ചിരിയിലൂടെയും നിരവധി ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ താരം അടുത്തിടെ വില്ലന്‍ വേഷത്തിലെത്തിയും കയ്യടി വാങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ മാധവന് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. താരത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുളള ചിത്രങ്ങള്‍ സോഷ്യലിടത്ത് ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. എന്നാലിപ്പോഴിതാ തനിക്കിഷ്ടം ക്ലീന്‍ ഷേവിലുളള മാധവനെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മാധവന്റെ അമ്മ സരോജ രംഗനാഥന്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ അമ്മയുടെ പ്രതികരണം.
മാധവനുമൊത്തുളള ചിത്രത്തിനൊപ്പം രസകരമായ കുറിപ്പും അമ്മ സരോജ രംഗനാഥന് പങ്കുവച്ചു. ‘ക്ലീൻ ഷേവ് ചെയ്ത എന്റെ മകനെ എനിക്കിഷ്ടമാണ്. എപ്പോഴും ഈ നരച്ച താടിയിങ്ങനെ നിലനിര്‍ത്തുന്നത് നിര്‍ത്തുന്നതിനായി അവന് ഇന്ന് ക്ലീന്‍ ഷേവ് ചെയ്തതിന് ശേഷം എനിക്കിന്നൊരു ഫോട്ടോ എടുക്കേണ്ടിവന്നു. ശരിയല്ലേ മാധവാ?’ എന്നാണ് അമ്മ സരോജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നരച്ച താടിയോട് ഗുഡ് ബൈ പറഞ്ഞ് ക്ലീന്‍ ഷേവ് ലുക്കില്‍ അമ്മയ്ക്കൊപ്പം നില്ക്കുന്ന മാധവനെ ചിത്രത്തില്‍ കാണാം.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ആദ്യ പോസ്റ്റിലൂടെയാണ് സരോജ രംഗനാഥന് മകന്റെ ക്ലീന്‍ ഷേവ് ലുക്കിനോടുളള ഇഷ്ടം തുറന്നുപറഞ്ഞത്. ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ പഴയ മാധവനെ തിരിച്ചുകിട്ടിയെന്ന തരത്തിലുളള കമന്റുകളുമായി ആരാധകരുമെത്തി. 'ഈ മകനെ ഇത്രയും കാലം എവിടെ ഒളിപ്പിച്ചിരിക്കുകയായിരുന്നു അമ്മേ?' എന്നാണ് ചിത്രത്തിന് താഴെ മാധവന്റെ ഭാര്യ സരിതയുടെ കമന്റ് ചെയ്തത്. താരത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് ലഭിച്ച അതേ കയ്യടി തന്നെയാണ് ഏറ്റവും പുതിയ ക്ലീന്‍ ഷേവ് ലുക്കിനും ലഭിക്കുന്നത്. അതേസമയം ശെയ്ത്താനാണ് മാധവൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മാധവന് വില്ലൻ വേഷത്തിലെത്തിയ ഹൊറര്‍ ചിത്രം ശെയ്ത്താൻ ആഗോളതലത്തില്‍ 212 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.