ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്രയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കിട്ട് മലയാളി വ്ലോഗര്‍ . ദൃശ്യങ്ങള്‍ സഹിതമാണ് വ്ലോഗറുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. travel with bon എന്ന ഇന്‍സ്റ്റ പേജിലൂടെയാണ് വ്ലോഗർ ഈ റീല്‍സ് പങ്കിട്ടിരിക്കുന്നത്. ട്രെയിനിൽ ജനറൽ കോച്ചിൽ യാത്ര ചെയ്തപ്പോൾ മൂർഖൻ അടക്കമുള്ള പാമ്പുകളുമായി ട്രെയിനിൽ കയറി ഭയപ്പെടുത്തിയവരെപ്പറ്റിയാണ് വിഡിയോ.
'ഉത്തരേന്ത്യയിലെ ട്രെയിൻ യാത്രകള്‍ അല്‍പം പ്രശ്നമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷേ ഇത്രത്തോളം വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പറഞ്ഞാല്‍ നിങ്ങൾ വിശ്വസിക്കില്ല. മൂർഖൻ പാമ്പിനെ എടുത്ത് നമ്മുടെ മേലേക്ക് അങ്ങ് എറിയുകയാണ്. ഞാനൊന്ന് ഉറങ്ങിവരികയായിരുന്നു. അപ്പോഴാണ് ഈ പാമ്പിനെ കണ്ടത്. ശരിക്കും പേടിച്ചു പോയി'.- വ്ലോഗര്‍ പറയുന്നു.
പാമ്പിനെയും കൊണ്ടുകയറിയ ഗ്രൂപ്പ് അവിടത്തെ ഒരു കുഗ്രാമത്തിലെ നാട്ടുകാരാണെന്നാണ് തന്റെ കൂട്ടുകാർ പറഞ്ഞതെന്ന് വ്ലോഗർ വിശദീകരിക്കുന്നു. ആദ്യം ഇവരെ കണ്ടപ്പോൾ പാമ്പാട്ടികളാവും എന്ന ധാരണയിലായിരുന്നു യുവാവ്. പിന്നീടാണ് യാഥാർഥ്യം വ്യക്തമാകുന്നത്.
'പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുന്ന ഗ്രാമവാസികൾക്ക് നേരെ പൊലീസ് പോലും വരില്ലത്രേ. ആ മൂർഖൻ പാമ്പിന്റെ വിഷപ്പല്ലുപോലും എടുത്തുമാറ്റിയിട്ടുണ്ടാകില്ല. നമ്മളെ അത് കടിച്ചാലും അവർക്ക് ഒരു കുഴപ്പവുമുണ്ടാകില്ല. മെയിൻ സ്റ്റേഷൻ എത്തുന്നതിന് മുമ്പ് അവർ ചാടി ഗ്രാമത്തിലേക്ക് ഓടിപ്പോവുകയായിരുന്നു'- യുവാവ് വീഡിയോയിൽ വിശദീകരിക്കുന്നു