urvashi-cinema

മൂടിക്കെട്ടി വിങ്ങി നില്‍ക്കുന്ന ആകാശം, ഇടമുറിയാതെ പെയ്യുന്ന മഴ, മുട്ടൊപ്പം നിറഞ്ഞുകവിയുന്ന ആ വെള്ളപ്പൊക്കത്തില്‍ തന്‍റെ മകന്‍ തോമസ് കുട്ടിയുടെ മൃതശരീരം കൊണ്ടുവരുമ്പോള്‍, പുറത്തെ മഴയെക്കാള്‍ വിങ്ങലോടെ കുട്ടനാട്ടുകാരി ലീലാമ്മ പാഞ്ഞൊരു വരവുണ്ട്. ആ ശവമഞ്ചത്തിന്‍റെ പുറത്തകൂടി കയ്യോടിക്കുമ്പോള്‍, നിറഞ്ഞൊഴുകുന്ന കണ്ണീരിനൊപ്പം ലീലാമ്മുടെ വിരലുകള്‍ വിറക്കുമ്പോള്‍ പ്രേക്ഷകന്‍റെ ഉള്ളം പൊള്ളും. തുടരെ പെയ്യുന്ന മഴയില്‍ കുട്ടനാടിന്‍റെ വെള്ളത്തിന്റെ ഉള്ളൊഴുക്ക് തിരിച്ചറിയുക അത്ര എളുപ്പമല്ല. ലീലാമ്മയുടെ വൈകാരിക സംഘര്‍ഷങ്ങളും അങ്ങനെയാണ്. ആ സംഘര്‍ഷങ്ങളുടെ ടൈം ലൂപ്പില്‍ പ്രേക്ഷകന്‍റെ ഉള്ളുലയ്ക്കുന്നിടത്ത് ആ നടിക്ക് ഫുള്‍ മാര്‍ക്കാണ്. ഒരുപാടുവട്ടം ആ നടിയുടെ പെർഫോമൻസ് കണ്ട് സെറ്റ് മുഴുവൻ നിശ്ചലമായിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവര്‍ പോലും കരച്ചില്‍ അടക്കി പിടിക്കും. അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചുകാണിക്കുന്ന, ഏത് വേഷവും തന്‍റെ കയ്യില്‍ ഭദ്രമാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഒരേ ഒരു ഉര്‍വശി.