നര കയറിയ താടിയും മുടിയും, കട്ടി മീശ, കറുത്ത വട്ട കണ്ണടയും ജാക്കറ്റുമൊക്കെയണിഞ്ഞ സുരേഷ് ഗോപിയുടെ ഹെവി ലുക്ക് കണ്ട സൈബറിടം ഒന്ന് ഞെട്ടി, പിന്നാലെ വന്ന സിനിമയുടെ പേര് ശരിക്കും അമ്പരിപ്പിച്ചു ‘മണിയന്‍ ചിറ്റപ്പന്‍’, ലുക്കിലും പേരിലും അടിമുടി വെറൈറ്റി പിടിച്ച ചിത്രം പ്രഖ്യാപിച്ചതാകട്ടെ തിയറ്ററുകളില്‍ വിജയം നേടുന്ന ഗഗനചാരി ടീം. മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ മോക്യുമെന്‍ററി ചിത്രമായി തിയറ്ററുകളിലെത്തിയ 'ഗഗനചാരി' സിനിമാപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിന് പിന്നാലെയാണ് സംവിധായകന്‍ അരുൺ ചന്തു പുതിയ ചിത്രം പ്രഖ്യാപിച്ചത്. 'ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സി'ൽ നിന്നെത്തുന്ന 'മണിയൻ ചിറ്റപ്പനെ’ പറ്റി മനസ് തുറക്കുകയാണ് സംവിധായകന്‍ അരുണ്‍ ചന്തു മനോരമ ന്യൂസ് ഡോട് കോമിനോട്
ചിറ്റപ്പന്‍ ഞെട്ടിക്കുമോ ?
ഗഗനചാരി ഒരു സിനിമാസ്റ്റിക് വേള്‍ഡാണ്, അതിലേക്കാണ് മണിയന്‍ ചിറ്റപ്പന്‍ വരുന്നത്, ഒരു മാഡ്–ക്രെയ്സി ശാസ്ത്രജ്ഞനാണ് ചിറ്റപ്പന്‍. കോമഡി–ആക്ഷന്‍ പശ്ചാത്തലമാണ് സിനിമ. മനു അങ്കിളിനേയും റിക്കി ആൻഡ് മോർട്ടിയേയും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു ക്രേസി സയന്‍റിസ്റ്റിന്‍റെ കഥയാണിത്. ഗഗനചാരി യൂണിവേഴ്സിൽ തന്നെയുള്ള ഒരു സ്പിൻ ഓഫ് എന്ന് പറയാം. ഗഗനചാരിയിലെ കഥാപാത്രങ്ങളും മണിയന്‍ ചിറ്റപ്പനില്‍ വന്നേക്കാം
‘മിന്നല്‍ പ്രതാപനും ചിറ്റപ്പനും ’
മനു അങ്കിള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, അതിലെ മിന്നല്‍ പ്രതാപനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സുരേഷ് ഗോപി കഥാപാത്രം. അത്തരത്തില്‍ ഉള്ള ഒരു കഥാപാത്രമാക്കി സുരേഷ് ഗോപിയെ പുതിയ കാലത്ത് അവതരിപ്പിക്കാനാണ് ഇഷ്ടം, മണിയന്‍ ചിറ്റപ്പനില്‍ സുരേഷ് ഗോപിയെ അത്തരത്തിലാകും അവതരിപ്പിക്കുന്നത്. അതില്‍ കോമഡിയുണ്ടാവും. എന്‍റെയും ഗോകുലിന്‍റെയും വലിയ ഒരു സ്വപ്നമാണ് ഈ കഥാപാത്രവും സിനിമയും
അടിച്ചു കയറി ‘ഗഗനചാരി’
ഗഗനചാരിയുടെ വിജയത്തില്‍ സന്തോഷമുണ്ട്. എന്‍റെ മുന്‍ ചിത്രങ്ങള്‍ക്ക് ആവേറേജ് അഭിപ്രായം മാത്രമാണ് കിട്ടിയത് എന്നാല്‍ ഗഗനചാരിയിലേക്ക് വന്നാല്‍ മികച്ച സ്വീകാര്യതയാണ് കിട്ടുന്നത്. ആ കാര്യത്തില്‍ ഹാപ്പിയാണ് ഞാനും എന്‍റെ ടീമും.