ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്.
ഉറ്റ സുഹൃത്തുക്കളായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരടക്കം നേരത്തെ മീരയുെട മെഹന്ദി കളറാക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
അവതാരകയായാണ് മീര മലയാളത്തില്‍ കരിയര്‍ തുടങ്ങിയത്. 'മുല്ല' എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കന്നഡയിലും താരം അഭിനയിച്ചു.