നാഗ് അശ്വിൻ ചിത്രം കല്‍ക്കി 2898 എ.ഡി മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുകയാണ് ചിത്രത്തിലെ ദീപിക പദുക്കോണിന്‍റെ പ്രകടനവും. എന്നാല്‍ ഇപ്പോളിതാ കല്‍ക്കി 2898 എ.ഡി ചിത്രത്തിലെ രംഗത്തെയും ഇംഗ്ലീഷ് ടെലിവിഷന്‍ സീരീസ് ഗെയിം ഓഫ് ത്രോണ്‍സിനെയും താരതമ്യം ചെയ്ത് ദീപികയ്ക്ക് ‘ഖലീസി’യുടെ കിരീടമണിയിക്കുകയാണ് ആരാധകര്‍.
കല്‍ക്കിയില്‍ ദീപിക പദുക്കോണിന്‍റെ തീയിൽ നിന്നും വരുന്ന ദൃശ്യവും ഗെയിം ഓഫ് ത്രോണ്‍സില്‍ എമിലിയ ക്ലാർക്ക് അവതരിപ്പിച്ച ഡെയ്‌നറിസ് ടാർഗേറിയന്‍ എന്ന കഥാപാത്രം തീജ്വാലകളിലൂടെ കടന്നു വരുന്ന ദൃശ്യവും തമ്മിലുള്ള സാമ്യമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ദീപികയെ ഇന്ത്യന്‍ സിനിമയിലെ 'ഖലീസി' എന്ന് വാഴ്ത്തിക്കൊണ്ട് ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകളുമായി ദീപികയുടെയും ഗെയിം ഓഫ് ത്രോണ്‍സിന്‍റെയും ആരാധകരും എത്തിക്കഴിഞ്ഞു. ‘ദീപിക ടാർഗേറിയൻ’ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചത്. ‘ഖലീസി ക്വീൻ ദീപിക’ എന്ന് മറ്റൊരാളും കുറിച്ചു. അതേസമയം ഇത്തരം സീനുകള്‍ ദീപികയ്ക്ക് പുതിയതല്ലെന്നും സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിലും സമാന രംഗമുണ്ടെന്ന് മറ്റൊരാളും കുറിച്ചു.
ജോര്‍ജ് ആര്‍.ആര്‍. മാര്‍ടിന്‍റെ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ത്രോണ്‍സ് സീരീസ്. എമിലിയ ക്ലാര്‍ക്ക് ഡെയ്‌നറിസ് ടാർഗേറിയനായെത്തുന്ന സീരീസിലെ ഫയര്‍ ആന്‍ഡ് ബ്ലഡ് എന്ന എപ്പിസോഡിലാണ് ഡ്രാഗണ്‍ കുഞുങ്ങളുമായി എമിലിയ തീയിലൂടെ കടന്നുവരുന്ന രംഗമുള്ളത്.
അതേസമയം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. പ്രീ ബുക്കിംഗ് തന്നെ റെക്കോര്‍ഡുകള്‍ തീര്‍ത്ത ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകമെമ്പാടും വിവിധ ഭാഷകളിലായി 191 കോടിയാണ് ആദ്യ ദിനത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ദീപിക പദുക്കോണിനെ കൂടാതെ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ശോഭന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മലയാളത്തിന്‍റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ക്യാമിയോ റോളിലെത്തുന്നുവെന്നതും ചിത്രത്തെ വേറിട്ടതാക്കുന്നു.
ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. എഡി 2898ലെ സാങ്കല്‍പിക ലോകത്ത് നടക്കുന്ന കഥയും അവിടെ ഭൈരവ നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം.