ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും തമിഴ് നടി സുനൈനയും വിവാഹിതരാകുന്നതായി വാര്‍ത്തകള്‍. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായി തമിഴ് മാധ്യമങ്ങളിലാണ് വാര്‍ത്തകള്‍ വന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വിവാഹമോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചതോടെയാണ് അഭ്യൂഹം പരന്നത്.
കഴിഞ്ഞ മാസം 5നാണ് സുനൈന ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ത്തുപിടിച്ച കൈകളുടെ ചിത്രം പങ്കുവെച്ചത്. എന്നാല്‍ വിശദാംശങ്ങളൊന്നും പങ്കുവെച്ചതുമില്ല. ജൂണ്‍ 26ന് ഖാലിദ് അൽ അമേരിയും തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ചിത്രം പങ്കുവെച്ചു. മോതിരമണിഞ്ഞ രണ്ടുകൈകള്‍ ചേര്‍ത്തുപിടിച്ച ചിത്രമായിരുന്നു പങ്കുവെച്ചത്. ഇതോടെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
മലയാളികള്‍ക്കും സുപരിചിതനായ വ്ലോഗറാണ് ഖാലിദ് അല്‍ അമേരി. ‘ടർബോ’ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്തതും ഏറെ ശ്രദ്ധ നേടിയിരുന്നു. പീസ്ഫുള്‍ സ്‌കിന്‍ കെയറിന്‍റെ സിഇഒ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. ആറുമാസം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്.
നാഗ്പൂര്‍ സ്വദേശിയായ സുനൈന, കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെ 2005-ലാണ് സിനിമയിലെത്തിയത്. ‘ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഖാലിദും സുനൈനയും അടുത്ത സുഹൃത്തുക്കളാണ്. സമൂഹ മാധ്യമങ്ങളിലെ സുനൈനയുടെ പല പോസ്റ്റുകളിലും ഖാലിദ് കമന്‍റ് ചെയ്യാറുമുണ്ട്.