ബാഹുബലി,ആര്‍ആര്‍ആര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ എസ്എസ് രാജമൗലി. പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ നായകനും പ്രതിനായകനും ആരെന്നതിലാണ് ഇപ്പോള്‍ ആകാംക്ഷ. അടുത്ത രാജമൗലി ചിത്രം മഹേഷ്ബാബുവിനൊപ്പമെങ്കില്‍ അത് മലയാളികള്‍ക്ക് കൂടി സന്തോഷമുണ്ടാക്കുന്നതാകുമെന്നാണ്പുതിയ റിപ്പോര്‍ട്ട്.
അടുത്ത രാജമൗലി ചിത്രത്തില്‍ മഹേഷ്ബാബുവിന്റെ വില്ലനായി പൃഥ്വിരാജ് സുകുമാരന്‍ തന്നെ എത്തുമെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിങ്കിവില്ലയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നായകനായും പ്രതിനായകനായും സംവിധായകനായും കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. വില്ലന്‍ കഥാപാത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജമൗലി പൃഥ്വിരാജുമായി നടത്തിവരികയാണെന്നും സൂചനയുണ്ട്.
വെറുമൊരു വില്ലന്‍ കഥാപാത്രമല്ല മറിച്ച് രാജമൗലിയുടെ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ തന്നെ നന്നായി എഴുതപ്പെട്ട,കൃത്യമായ പശ്ചാത്തലവും ക്യാരക്ടറുമുള്ള വില്ലനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജമൗലിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ പൃഥ്വിരാജും ആവേശഭരിതനാണെന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചറായ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ എഴുത്ത് പൂര്‍ത്തിയായിക്കഴിഞ്ഞു. കാസ്റ്റിങ്ങും പ്രീപ്രൊഡക്ഷന്‍ ജോലികളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷാദ്യമോ ആയിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. ഇന്‍റര്‍നാഷണല്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ വിദേശ താരങ്ങളും പ്രത്യക്ഷപ്പെടും.