TOPICS COVERED

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കി സിനിമ നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. മരണസ്ഥലത്തുപോലും മര്യാദലംഘിച്ച് ദൃശ്യമെടുക്കുന്ന യു ട്യൂബ് ചാനലുകളെ  സിനിമാപ്രമോഷനുകളിൽ നിയന്ത്രിക്കണമെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യുട്ടീവിന്റെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അക്രഡിറ്റേഷനില്ലാത്തവരെ സിനിമ പ്രമോഷനടക്കം സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം. 

സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി നിർമാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷൻ നിർബന്ധമാണ്. കേന്ദ്ര സർക്കാരിന്റെ 'ഉദ്യം' പോർടലിൽ ഓൺലൈൻ മാധ്യമം റജിസ്റ്റർ ചെയ്തിരിക്കണം. ജിഎസ്ടി റജിസ്ട്രേഷനും TAN നമ്പരും ഉണ്ടാകണം. സ്ഥാപനത്തിന്റെ ലോഗോ റജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കുന്ന വെബ്സൈറ്റ് ഉണ്ടാവുകയും വേണം. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി അംഗീകൃത പി.ആർ.ഒ മാരുടെ കത്ത് സഹിതം അപേക്ഷ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾക്കാണ് നിർമാതാക്കൾ അക്രഡിറ്റേഷൻ നൽകുക. ഇക്കാര്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയ്ക്ക് കത്ത് നൽകി.

ഓൺലൈൻ മാധ്യമങ്ങൾക്ക് സിനിമ പരിപാടികളിൽ പ്രോട്ടോകോൾ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. നടൻ സിദ്ദിഖിന്റെ മകന്റെ വിയോഗത്തെ തുടർന്ന് അന്ത്യാഞ്ജലി അർപിക്കാൻ വീട്ടിലേക്കെത്തിയവരെ യു ട്യൂബ് ചാനലുകൾ മൊബൈലുമായി പിന്തുടർന്നതടക്കമുള്ള സാഹചര്യം വിലയിരുത്തിയാണ് സിനിമ പരിപാടികളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ നിർമാതാക്കൾ തീരുമാനിച്ചത്.

ENGLISH SUMMARY:

Accreditation mandatory for online media