നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കൽക്കി 2898 എഡി ബോക്സ് ഓഫീസ് ഹിറ്റടിച്ചിരിക്കുകയാണ്. പ്രേക്ഷക മനസിലും തിയറ്ററിലും വിജയിച്ച ചിത്രത്തില്‍ വേഷമിട്ട താരങ്ങളെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ പ്രേക്ഷകരെ ഏറ്റവും അധികം ഞെട്ടിച്ചത് അശ്വത്ഥാമാവായി എത്തിയ അമിതാഭ് ബച്ചനാണ്. ഇപ്പോഴിതാ താരത്തിന്‍റെ മേക്കപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
മേക്കപ്പ് ആർട്ടിസ്റ്റുകളാണ് അമിതാഭ് ബച്ചന്റെ ചില ഫോട്ടോകൾ പുറത്തുവിട്ടത്. ഡാ ലാബിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ഇതാ അമിതാഭ് ബച്ചൻ സാറിനെ അശ്വത്ഥാമാവാക്കി മാറ്റുന്നത്, ഒരു ഇതിഹാസ നടൻ ജീവിതത്തിലേക്ക് കൊണ്ടുവന്ന കാലാതീതമായ ഇതിഹാസം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൽക്കിയുടെ സെറ്റിൽ നിന്നുള്ള അമിതാഭ് ബച്ചന്റെ ചില ബിടിഎസ് ഫോട്ടോകളും കരൺദീപ് സിങ്ങും ഡാ ലാബും ചേര്‍ന്ന് പുറത്തുവിട്ടത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുക്കോൺ, അന്ന ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുല്‍ഖറിന്റെ വേഫറർ ഫിലിംസാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വിനി ദത്താണ് ഈ നാഗ് അശ്വിന്‍ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്.
മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നായിക കഥാപാത്രമായ 'സുമതി'യെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. കേരളത്തിൽ 320 സ്ക്രീനുകളിലായാണ് കല്‍ക്കിയുടെ പ്രദർശനം തുടരുന്നത്. ഇതില്‍ 190 സ്ക്രീനുകളും ത്രീഡിയാണ്.