shahana-funeral

മലപ്പുറം അരീക്കോട് സ്വദേശിയായ 19കാരിയായ ഷഹാനയുടെ മരണം നടുക്കത്തോടെയും വേദനയോടും കൂടിയാണ് കേരളം കേട്ടത്. ഇപ്പോഴിതാ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഷഹാന പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബന്ധുക്കള്‍. വിവാഹബന്ധം വേര്‍പെടുത്താതിരിക്കാന്‍ ഭര്‍തൃമാതാവിന്‍റെ കാലില്‍ പിടിച്ച് ഷഹാന കരഞ്ഞിരുന്നെന്നും എന്നാല്‍ 20 ദിവസത്തെ വിവാഹബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയാറാകാനാണ് ഭര്‍തൃമാതാവ് പറഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 19 വയസില്‍ ഡിവോഴ്സായ പെണ്ണായില്ലേ എന്ന് പറഞ്ഞ് ഷഹാന കരയുകയായിരുന്നെന്നും അമ്മാവന്‍ വെളിപ്പെടുത്തി. 

 

'മാനസിക പീഡനം തന്നെയാണ് ഷഹാന മരിക്കാന്‍ കാരണം. അവള്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. വീട്ടുകാരും അതിന് ഉത്തരവാദികളാണ്. ഇവര്‍ തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ അബ്ദുൽ വാഹിദിന്‍റെ വീട്ടിലേക്ക് പോയപ്പോള്‍ 20 ദിവസമല്ലേ ഒന്നിച്ച് ജീവിച്ചിട്ടുള്ളു നിനക്ക് ഒഴിഞ്ഞുപോക്കൂടെ, വേറെ കല്ല്യാണം കിട്ടില്ലേ എന്തിനാ ഇതില്‍ തന്നെ കടിച്ചു തൂങ്ങുന്നത് എന്നാണ് അവന്‍റെ ഉമ്മ ചോദിച്ചത്. അപ്പോള്‍ ഈ ഉമ്മാന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ഈ കുട്ടി ചെയ്തത്. ഒരു ആശ്വാസവാക്ക് പറയുന്നതിന് പകരം എരുതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. എന്‍റെ മകളെക്കാള്‍ 4 മാസത്തിന് ഇളയതാണ് ഷഹാന. വീട്ടുകാരുമായി സംസാരിച്ചതിന് ശേഷം ആ കുട്ടി എന്നോട് ചോദിച്ചത് 19 വയസാകുമ്പോഴേക്കും ഞാന്‍ ഡിവോഴ്സായൊരു പെണ്ണാകില്ലേ എന്നാണ്. അത്രയും വിഷമിലായിരുന്നു ഷഹാനയെന്നും അമ്മാവന്‍ പറഞ്ഞു. 

'2024 മെയ് 27നായിരുന്നു  ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്‍റെയും വിവാഹം. ഏകദേശം 20 ദിവസം ഒന്നിച്ച് നിന്നു. അബ്ദുൽ വാഹിദിന്‍റെ വീട്ടിലേക്ക് ഒരു ദിവസം കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു. ബാക്കി ദിവസം ഹണിമൂണ്‍ യാത്രയായിരുന്നു കുറച്ച് ദിവസം അവളുടെ വീട്ടിലും താമസിച്ചു. ഇവിടെ നിന്ന് പോയതിന് ശേഷമാണ് അവനില്‍ മാറ്റം കണ്ടു തുടങ്ങിയത്. കുറച്ച് ദിവസമായി മാനസികമായി അവള്‍ തളര്‍ന്നിരിക്കുകയായിരുന്നു. അതുകൊണ്ട് കോളജിലും പോയിരുന്നില്ല. കൗണ്‍സിലിങ്ങിനൊക്കെ കൊണ്ടുപോയിരുന്നു. ഞങ്ങളുടെ ഏകമകളാണ് ഇല്ലാതായത്. തുടര്‍ന്ന് പഠിപ്പിച്ചോളാം എന്നാണ് അവര് പറഞ്ഞത്. ഒരു 100 വട്ടം അവളൊന്ന് വിളിക്കണം എന്ന് പറഞ്ഞാലേ അവന്‍ വിളിക്കു. വിളിച്ചാല്‍ തന്നെ ടോര്‍ച്ചറിങാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏതറ്റംവരെയും പോകും'. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ മനോരമന്യൂസിനോട് പറഞ്ഞു.