ബോക്സ് ഓഫീസില്‍ മാജിക്ക് തീര്‍ക്കുകയാണ് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി. നാഗ് അശ്വന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 1000 കോടി അടുത്തു കളക്റ്റ് ചെയ്തു. പ്രഭാസിനുപുറമേ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ വന്‍താരനിരയാണ് കല്‍ക്കിയില്‍ എത്തിയത്. ഒപ്പം സര്‍പ്രൈസ് കാമിയോ ആയി ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. വളരെ കുറച്ചുസമയം മാത്രമാണ് ചിത്രത്തിലെത്തിയതെങ്കിലും വലിയ കയ്യടിയാണ് ഇരുവര്‍ക്കും ചിത്രത്തില്‍ ലഭിച്ചത്. വിജയ് ദേവരകൊണ്ട് അര്‍ജുനനെ അവതരിപ്പച്ചപ്പോള്‍ കല്‍ക്കി യൂണിവേഴ്സിലെ ക്യാപ്റ്റനായാണ് ദുല്‍ഖര്‍ എത്തിയത്.
ഇപ്പോഴിതാ കല്‍ക്കി രണ്ടാം ഭാഗത്തിലും ഇരുവരും ഉണ്ടാകാന്‍ സാധ്യയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍. പരിമിതമായ സമയത്തേക്ക് മാത്രമുള്ള റോളാണെങ്കിലും ഇനിയും വികസിപ്പിക്കാനുള്ള സാധ്യത രണ്ട് കഥാപാത്രങ്ങള്‍ക്കും ഉണ്ടെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നാഗ് അശ്വിന്‍ പറഞ്ഞത്. 'പരിമിതമായ സമയത്തേക്കുള്ള കഥാപാത്രങ്ങളാണ് അവരുടേത്. എന്നാല്‍ ഇനിയും മറ്റെന്തിങ്കിലുമായി വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്, പ്രത്യേകിച്ച് ദുല്‍ഖറിന്, എന്നാല്‍ അവരുടെ കഥാപാത്രങ്ങള്‍ സിനിമയില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും,' നാഗ് അശ്വിന്‍ പറഞ്ഞു.
ദുല്‍ഖറിന്‍റെ കഥാപാത്രത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ വരുന്ന തിയറികള്‍ താന്‍ കാണുന്നുണ്ടെന്നും അതൊക്കെ കൗതുകകരമാണെന്നും നാഗ് അശ്വിന്‍ പറഞ്ഞു. ഇതൊക്കെ യഥാര്‍ഥ കഥയോട് ചേര്‍ന്നുനില്‍ക്കുന്നതല്ലെങ്കിലും നല്ല ആശയങ്ങള്‍ കണ്ടാല്‍ അത് പരിശോധിക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഭാഗത്തിലേക്കായി തിരക്കഥാകൃത്തുക്കള്‍ നല്ല ആശയങ്ങളെ പറ്റി ചിന്തിക്കുന്നുണ്ട്. കഥക്ക് ചേരുന്ന മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ തയാറാണെന്നും നാഗ് അശ്വിന്‍ പറഞ്ഞു. എന്തായാലും സംവിധായകന്‍റെ തുറന്നുപറച്ചിലിനുപിന്നാലെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും എത്തുമെന്ന സാധ്യതകള്‍ ഉറപ്പിക്കുകയാണ് ആരാധകര്‍.