തൊണ്ണൂറുകളില്‍ ബോളിവുഡിലെ നടിമാര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി മനീഷ കൊയ്‌രാള. ബിക്കിനിയിടാനായി തന്നെ ഒരു സീനിയര്‍ ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിച്ച സാഹചര്യത്തെയും അവര്‍ ഓര്‍ത്തെടുത്തു. ഫിലിംഫെയറിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ടു പീസ് ബിക്കിനി എടുത്ത് തന്നിട്ട് അത് ധരിക്കാനായി ആവശ്യപ്പെട്ട ഫോട്ടോഗ്രാഫറോട് താന്‍ പറഞ്ഞ മറുപടി എന്തായിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.
‘സിനിമയിലെ തുടക്കകാലത്താണ് അങ്ങനെയൊരു ദുരനുഭവമുണ്ടായത്. പോര്‍ട്ട്ഫോളിയോയ്ക്കായി ചിത്രങ്ങള്‍ എടുക്കാനാണ് അമ്മയേയും കൂട്ടി ഞാന്‍ പോയത്. ഫേമസായ ഒരു സീനിയര്‍ ഫോട്ടോഗ്രഫറായിരുന്നു അദ്ദേഹം. നിങ്ങള്‍ അടുത്ത സൂപ്പര്‍സ്റ്റാറാണ് എന്നൊക്കെ ആദ്യം അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ ടു പീസ് ബിക്കിനി എടുത്തുതന്നിട്ട് അത് ധരിക്കാന്‍ ആവശ്യപ്പെട്ടു. സര്‍, ഇത് ബീച്ചിലോ നീന്തലിനോ പോകുമ്പോഴാണ് സാധാരണ ധരിക്കാറുള്ളത്. ഈ വഴിയിലൂടെ സിനിമയിലേക്ക് കയറിപ്പറ്റാം എന്നാണെങ്കില്‍ അതെനിക്ക് ആവശ്യമില്ല. ബിക്കിനി ധരിക്കില്ല എന്നുറപ്പിച്ചു പറഞ്ഞു’– എന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
‘ശരീരം മറച്ചുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങളെടുക്കാം, അല്ലെങ്കില്‍ വേണ്ട എന്നു പറഞ്ഞതോടെ വലിയൊരു ഡയലോഗാണ് അദ്ദേഹം തിരിച്ചു പറഞ്ഞത്, വഴങ്ങാത്ത കളിമണ്ണ് കൊണ്ട് എങ്ങനെ ശിലയുണ്ടാക്കാനാണ് എന്ന്. ആ ഡയലോഗ് ഞാന്‍ ഇന്നും മറന്നിട്ടില്ല. ഇതായിരുന്നു ചിലരുടെയെങ്കിലും ചിന്താഗതി. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. ഈ സംഭവം നടന്ന് കുറേക്കാലങ്ങള്‍ക്കു ശേഷം ഞാന്‍ ആ ഫോട്ടോഗ്രാഫറെ വീണ്ടും കണ്ടു. അപ്പോഴേക്കും ഞാന്‍ തിരക്കുള്ള നടിയായിരുന്നു. എന്‍റെ ചിത്രങ്ങളെടുക്കാന്‍ വന്ന അദ്ദേഹം ഞാന്‍ അന്നേ പറഞ്ഞതല്ലേ നിങ്ങള്‍ സിനിമയില്‍ അറിയപ്പെടുന്ന താരമായി മാറുമെന്ന് എന്നുപറഞ്ഞു. ചിലരങ്ങനെയാണ്’ എന്നും മനീഷ കൊയ്‌രാള കൂട്ടിച്ചേര്‍ത്തു.
നേപ്പാളി സീരിയലിലൂടെയാണ് മനീഷ തന്‍റെ അഭിനയ ജീവിതം തുടങ്ങിയത്. 1991–ല്‍ ബോളിവുഡ് ചിത്രമായ ‘സൗദാഗറി’ല്‍ വേഷമിട്ടു. പിന്നീട് ബോളിവുഡും കടന്ന് തെക്കേ ഇന്ത്യയാകെ മനീഷ കൊയ്‌രാളയുടെ നിറഞ്ഞാട്ടമായിരുന്നു. സഞ്ജയ് ലീല ഭാന്‍സാലിയുടെ ‘ഹീരാമണ്ഡി’യിലൂടെ ഇക്കൊല്ലവും അഭിനയരംഗത്ത് അവര്‍ തന്‍റെ സാന്നിധ്യം അറിയിച്ചു.