nithya-menen

സിനിമ തന്‍റെ ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്ത തൊഴിലിടമല്ലെന്ന് നടി നിത്യ മേനോന്‍. തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രഫഷൻ ആണ് അഭിനയമെന്നും ഒരു ഓപ്ഷൻ ലഭിച്ചാൽ അഭിനയം നിർത്തുമെന്നും നിത്യ മേനോൻ പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അഭിനയജീവിതത്തെക്കുറിച്ച് നിത്യ മേനോന്‍ മനസുതുറന്നത്. തനിക്ക് ഒരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹമെന്നും നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയതെന്നും നിത്യ മേനോന്‍ പറഞ്ഞു.

നിത്യ മേനോന്‍റെ വാക്കുകള്‍ ഇങ്ങനെ:

'സിനിമ ഞാന്‍ ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്ത തൊഴിലിടമല്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാന്‍ ആരംഭിച്ചത് സിനിമയിലെത്തിയതിന് ശേഷമാണ്. എന്‍റെ അച്ഛന്‍ അജ്ഞേയവാദിയാണ്. ഞാനും അങ്ങനെയായിരുന്നു. എന്നാല്‍ സിനിമ പ്രഫഷനായി തിരഞ്ഞെടുത്തതിന് ശേഷം എനിക്ക് തോന്നിയിട്ടുണ്ട്, എനിക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത എന്തോ ഒരു ശക്തിയാണ് എന്നെ മുന്നോട്ടുനയിക്കുന്നതെന്ന്. അഭിനയം എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്. എന്തെങ്കിലും ഒരു ഓപ്ഷന്‍ കിട്ടിയാല്‍ ഞാന്‍ അഭിനയം നിര്‍ത്തും' നിത്യ മേനോന്‍ പറഞ്ഞു.

'ഇതുചിലപ്പോള്‍ നന്ദികെട്ട ഒരു പ്രസ്താവനയായി തോന്നിയേക്കാം. എന്‍റെ വ്യക്തിത്വത്തില്‍ നിന്ന് ഈ ജോലി എന്നെ വല്ലാതെ അകറ്റി. എനിക്കൊരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹം. എനിക്കൊരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. കാരണം എനിക്ക് യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്താണ് കൃത്യമായി എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നത്. അത് ദൈവത്തിന്റെ തീരുമാനമാകാം', നിത്യ മേനോൻ പറഞ്ഞു.

ജയം രവിയെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം 'കാതലിക്ക നേരമില്ലൈ'യാണ് ഇനി പുറത്തിറങ്ങാനുള്ള നിത്യ മേനോൻ ചിത്രം.  ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും.

ENGLISH SUMMARY:

Nithya Menen: Wanted to silently quit cinema before my National Award win