ഒരു പ്രേക്ഷക എന്നനിലയിൽ തനിക്കൊരുപാട് ഇഷ്ടപ്പെട്ട മോഹൻലാൽ സിനിമയാണ് ആറാട്ടെന്ന് നടി രചന നാരായണന്‍കുട്ടി. വന്ദനം പോലെ നാളെ ആറാട്ടിനെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ചിത്രം സ്പൂഫാണെന്ന് പറഞ്ഞു റിലീസ് ചെയ്തെങ്കിൽ തിയേറ്ററിൽ വിജയിക്കുമായിരുന്നെന്നും താരം പറഞ്ഞു. ഇത്തരത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് ഡബിള്‍ ബാരലെന്നും താരം അഭിപ്രായപ്പെട്ടു.
രചനയുടെ വാക്കുകള്‍
'ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് കാണാന്‍ ഏറെ ഇഷ്ടമുള്ള ഒരു മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. അതില്‍ അഭിനയിച്ചതുകൊണ്ടല്ല അത്. തിയറ്ററില്‍ സിനിമ വിജയിച്ചിരുന്നില്ല. പിന്നീട് ഒടിടിയില്‍ ഇറങ്ങിയപ്പോള്‍ ഒരുപാട് ആളുകള്‍ വിളിച്ചു. ഇപ്പോഴാണ് ഞങ്ങള്‍ കാണുന്നത്, അന്ന് തിയറ്ററില്‍ കണ്ടാല്‍ മതിയായിരുന്നെന്ന് പറഞ്ഞു. ഇപ്പോഴും എന്നെ പോലെ ഒരുപാട് പേര് എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ട് എന്ന് പറയാറുണ്ട്. അതിനെ ഒരു മോഹന്‍ലാല്‍ ചിത്രമായി കണ്ടാല്‍ മതി. എനിക്ക് തോന്നിയ ഒരു കാര്യം മാര്‍ക്കറ്റിങ് ചെയ്തപ്പോള്‍ സിനിമ സ്പൂഫാണെന്ന് പറഞ്ഞ് തന്നെ ചെയ്താല്‍ മതിയായിരുന്നു. സ്പൂഫ് എന്ന കാറ്റഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. സ്പൂഫ് എന്ന് തന്നെ പറഞ്ഞ് റിലീസ് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി തിയറ്ററില്‍ ഹൈപ്പ് കിട്ടുമായിരുന്നു'.
'സിനിമ ഒരു ഭാഗ്യമാണ്. ചിലപ്പോള്‍ വളരെ നല്ല സിനിമ ആയിരിക്കും. ഉദാഹരണത്തിന് വന്ദനം, തിയറ്ററില്‍ ഓടിയല്ലല്ലോ, പക്ഷേ ഇന്നും നമുക്കൊക്കെ ഇഷ്ടപ്പെട്ട സിനിമയല്ലേ. മലയാളിക്ക് പൊതുവേ ട്രാജഡിയോട് അത്ര താല്‍പര്യമില്ലെന്നതിന്‍റെ ഉദാഹരണമാണ് വന്ദനം. പക്ഷേ വന്ദനം ഇന്ന് കാണുമ്പോള്‍ നമുക്ക് ഇഷ്ടമല്ലേ, അതുപോലെ കുറച്ച് കഴിയുമ്പോള്‍ ആറാട്ടും അങ്ങനെ ആകും. ലിജോ ചേട്ടന്‍റെ സിനിമകളും അങ്ങനെയാണ്. ഡബിള്‍ ബാരല്‍ ഇറങ്ങിയപ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. പക്ഷേ അതിന് ശേഷം എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടു. ലിജോ ചേട്ടന്‍റെ സിനിമകള്‍ സിലബസ് പോലെയാണ്. നമ്മള്‍ പത്ത് വര്‍ഷം കഴിഞ്ഞ് കാണുന്നത് ഇന്നേ എടുത്ത് വെച്ചിരിക്കുകയാണ്. കെ.ജി.ജോര്‍ജ്ജ് സാറിന്‍റെ സിനിമകളും അങ്ങനെയാണ്'
ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ 2022ലാണ് നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവൻ, സായികുമാർ, നെടുമുടി വേണു, രചന നാരായണന്‍കുട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്