തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്‍റെ സ്വന്തം ഇതിഹാസ സാഹിത്യകാരന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് കേരളക്കര. സിനിമാ രാഷ്ട്രീയ സാഹിത്യമേഖലയിലെ പ്രമുഖരെല്ലാം എംടി വാസുദേവന്‍ നായര്‍ എന്ന എംടിയ്ക്ക് ആശംസകള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ മലയാളത്തിന്‍റെ നടനവിസ്മയം മമ്മൂട്ടി പങ്കുവച്ച ആശംസാക്കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു മമ്മൂട്ടി എംടിക്ക് ആശംസകള്‍ നേര്‍ന്നത്. ഒപ്പം ഹൃദയഹാരിയായ ചിത്രങ്ങളും മമ്മൂട്ടി പങ്കുവച്ചു.
'പ്രിയപ്പെട്ട എംടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മമ്മൂട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചത്. എംടിക്കൊപ്പമുളള ചിത്രങ്ങളും മമ്മൂട്ടി പങ്കുവച്ചു. മമ്മൂട്ടി ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുൽഖർ സൽമാന്‍, ഭാര്യ അമാൽ, ഇരുവരുടേയും മകൾ എന്നിവരും എംടിയുടെ കുടുംബവുമടങ്ങുന്നതാണ് ആദ്യത്തെ ചിത്രം. എംടിയും മമ്മൂട്ടിയും സംസാരിച്ചിരിക്കുന്ന കാന്‍ഡിഡ് ചിത്രമാണ് രണ്ടാമത്തേത്. ഇരു ചിത്രങ്ങളും സോഷ്യല്‍ ലോകം ഏറ്റെടുത്തു. ഒരേ ഫ്രെയിമില്‍ മലയാളത്തിലെ രണ്ട് ഇതിഹാസങ്ങളെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞദിവസം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് എംടി വാസുദേവൻ നായർ കുടുംബസമേതം സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഈ രണ്ടുചിത്രങ്ങളും എടുത്തത്.
അതേസമയം, ആസാദ് സംവിധാനം ചെയ്ത് എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആയിരുന്നു എംടി മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ആദ്യചിത്രം. പിന്നീട് അടിയൊഴുക്കുകള്‍, തൃഷ്ണ, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഒരു വടക്കന്‍ വീരഗാഥ, സുകൃതം, പഴശ്ശിരാജ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ എംടി മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്നു. ഇവയില്‍ ഒരു വടക്കൻ വീരഗാഥയിലൂടെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എം.ടിക്കും മമ്മൂട്ടിക്കും ലഭിച്ചു. എംടിയെ ഗുരുതുല്യകാണുന്ന വ്യക്തികൂടിയാണ് മമ്മൂട്ടി. ഇരുവരും ചേർന്ന് മികച്ച ഒരുപിടി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.