കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ചിത്രത്തിനെതിരെ ഇ-സേവ അസോസിയേഷന്‍ രംഗത്ത്. ചിത്രത്തിലെ ഒരു രംഗം തങ്ങളെ അപമാനിക്കുന്നതാണെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇ-സേവ അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍ നല്‍കാന്‍ 300 രൂപ കൈക്കൂലി വാങ്ങുന്ന ഇ-സേവ ജീവനക്കാരെ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഈ രംഗമാണ് വിവാദത്തിലായിരിക്കുന്നത്.
ജോലി ചെയ്യുന്നതിന് തങ്ങള്‍ കൈക്കൂലി വാങ്ങാറില്ലെന്നും ചിത്രത്തിലെ ആ രംഗം തങ്ങളെ അപമാനിക്കുന്നതാണെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു. രാജ്യത്ത് നടക്കുന്ന വലിയ കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കാത്ത ചിത്രം ചെയ്യാത്ത കുറ്റം തങ്ങളുടെ തലയില്‍കെട്ടി വെയ്ക്കാന്‍ ശ്രമിക്കുന്നതായും സംഘടന പരാതിയില്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിലെ കൈക്കൂലി രംഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനോടും സംഘടന സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം 'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗമായ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ അഴിമതി വിമുക്തമാക്കാന്‍ ശ്രമിക്കുന്ന സേനാപതി എന്ന വയോധികന്‍റെ വേഷമാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍' വലിയ വിജയവും പ്രേക്ഷകസ്വീകാര്യതയും നേടിയ ചിത്രമാണ്. എന്നാല്‍ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.