akshay-kumar

കോവിഡിന് ശേഷം 2022 മുതലിങ്ങോട്ട് ഇറങ്ങിയ 11 ചിത്രങ്ങളില്‍ ഒമ്പതെണ്ണവും പരാജയം. ഈ വര്‍ഷം ആദ്യമിറങ്ങിയ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ 2024ലെ ബോക്സ് ഓഫീസ് ദുരന്തമായതോടെ സര്‍ഫിറയിലായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതീക്ഷ. രാജ്യമാകെ ശ്രദ്ധ നേടിയ ‘സുരറൈ പോട്രി’ന്‍റെ ഹിന്ദി റീമേക്ക്. സുധ കൊങ്കര തന്നെ സംവിധാനം. പ്രേക്ഷകര്‍ക്കും ചിത്രത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നല്ല പ്രതികരണം ലഭിച്ചിട്ടും പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തുന്നില്ല. ഒടുവില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ടിക്കറ്റിനൊപ്പം ഫ്രീ ആയി സമൂസയും ചായയും വരെ ഓഫര്‍ ചെയ്​തു. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച കലക്ഷന്‍ വെറും 2 കോടി 40 ലക്ഷം. സര്‍ഫിറയും അക്ഷയ്‍യെ കൈവിടുകയാണോ? ഒരു കാലത്ത് ബോളിവു‍ഡ് ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരത്തിന്‍റെ കരിയറിന് എന്താണ് സംഭവിക്കുന്നത്?

 

സൂര്യ എന്ന നടന്‍റെ അതുല്യ പ്രകടനം കണ്ട ചിത്രമാണ് സുരരൈ പോട്ര്. ഇമോഷണല്‍ രംഗങ്ങളിലുള്‍പ്പെടെ അക്ഷയ് മികച്ച പ്രകടനം കാഴ്​ചവച്ചുവെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. എന്നാല്‍ അക്ഷയില്‍ നിന്നും മികച്ച പ്രകടനമുണ്ടായാല്‍ പോലും സൂര്യയുടെ ഐക്കണിക് പെര്‍ഫോമന്‍സ് തന്നെയാവും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുക. ഇന്ത്യയാകെ ആഘോഷിച്ച ഒരു ചിത്രത്തിന്‍റെ ഭാഷ മാറുന്നതല്ലാതെ എന്ത് മാറ്റമാണ് സര്‍ഫിറയ്ക്ക് നല്‍കാനാവുക?

ഒരു വര്‍ഷം നാലും അഞ്ചും സിനിമകള്‍ ചെയ്യുന്നത് അക്ഷയ്ക്ക് തിരിച്ചടി ആവുന്നുണ്ടോ എന്നാണ് അദ്ദേഹം ആദ്യം വിലയിരുത്തേണ്ടത്. എണ്ണത്തിനൊപ്പം തന്‍റെ ചിത്രങ്ങളുടെ ക്വാളിറ്റി കൂടി അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വിമര്‍ശനം കേള്‍ക്കേണ്ടി വരില്ലായിരുന്നു. ഒരു വര്‍ഷം നാലും അഞ്ചും സിനിമകള്‍ ചെയ്യുന്നതിനിടക്ക് ചരിത്ര സിനിമയിലെ വെപ്പുമീശയും ത്രില്ലര്‍ ചിത്രത്തിലെ ഗ്ലാമറസായ പാട്ടുമൊക്കെ ഇക്കാലത്ത് പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്നുകൂടി ആലോചിക്കേണ്ടത് നടനെന്ന നിലയിലും അക്ഷയുടെ ചുമതലയാണ്.

നല്ല ചിത്രങ്ങള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഇക്കാലത്ത്, എല്ലാ സിനിമകളുടെയും ഭാഷാന്തര പതിപ്പുകള്‍ ഒടിടിയില്‍ ലഭ്യമായ ഇക്കാലത്ത് കോപ്പി പേസ്റ്റ് റീമേക്കുകള്‍ക്ക് എത്രത്തോളം വിജയ സാധ്യതയുണ്ടെന്നും ബോളിവുഡ് ആലോചിക്കേണ്ടിയിരിക്കുന്നു. 2022ന് ശേഷം ഇറങ്ങിയ അക്ഷയ് കുമാറിന്‍റെ മിക്ക ചിത്രങ്ങളും റീമേക്കുകളായിരുന്നു. ജിഗര്‍തണ്ടയില്‍ നിന്നും ‘ഇന്‍സ്പയര്‍’ ചെയ്തെടുത്ത ബച്ചന്‍ പാണ്ഡേ, രാക്ഷസന്‍റെ റീമേക്കായ കട്പുത്‍ലി, ഡ്രൈവിങ് ലൈസന്‍സിന്‍റെ റീമേക്കായ സെല്‍ഫി എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടു. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാതെയാണ് സൂരരൈ പോട്രിലും കൈ വക്കാന്‍ അക്ഷയ് തുനിഞ്ഞത്.

ശരിയാണ്, തൊണ്ണൂറുകളിലും ഈ നൂറ്റാണിന്റെ ആദ്യ ദശകത്തിലും അദ്ദേഹത്തിന്‍റെ റീമേക്കുകള്‍ വലിയ തരംഗം സൃഷ്​ടിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്‍റെ കരിയറിലെയും ബോളിവുഡിലെയും ഐക്കോണിക് ചിതങ്ങളിലൊന്നായ ഹേരാ ഫേരി, റാംജി റാവു സ്​പീക്കിങ്ങിന്‍റെ റീമേക്കായിരുന്നു. മറ്റൊരു ഹിറ്റായ

‘ഗരം മസാല’ ബോയിങ് ബോയിങ്ങിന്‍റെ പുനരവതാരവും. മണിച്ചിത്രത്താഴ് ഭൂല്‍ ഭുലയ്യ എന്ന പേരില്‍ എടുത്തപ്പോള്‍ മത്തായി സ്​പീക്കിങ്ങും നാടോടിക്കാറ്റും മിക്സ് ചെയ്ത 2006ല്‍ ‘ഭാഗം ഭാഗ്’ ഇറക്കി. 2010നു ശേഷം അദ്ദേഹത്തിന് തുടര്‍ച്ചയായി ബോക്സ് ഓഫീസ് വിജയങ്ങളുണ്ടായപ്പോള്‍ മുന്നില്‍ നിന്നതും റൗഡി റാത്തോര്‍, ഹോളിഡേ എന്നീ ചിത്രങ്ങളായിരുന്നു. ഇതൊക്കെ റീമേക്ക് ചിത്രങ്ങളായിരുന്നു എന്ന് അക്കാലത്ത് പ്രേക്ഷര്‍ക്ക് അറിയില്ലായിരുന്നു.

എന്നാല്‍ കാലം മാറി. ഒടിടി പ്ലാറ്റ്ഫോമുകളുടെ വ്യാപനം മൂലം ലോകത്തിന്‍റെ ഏതു കോണിലും ഏത് ഭാഷയിലുമുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാനാവും. പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ റീമേക്കുകള്‍ നല്ലതാണെങ്കില്‍ കൂടി ഹിറ്റാവാനുള്ള സാധ്യതകളെ കുറയ്ക്കുന്നുണ്ട്. തെലുങ്ക് ചിത്രം ജഴ്സിയുടെ റീമേക്ക്, വിക്രം വേദയുടെ റീമേക്ക് എന്നീ ചിത്രങ്ങള്‍ നല്ലതായിരുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടെങ്കിലും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. റീമേക്ക് കള്‍ച്ചര്‍ ബോളിവുഡ് പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നെല്ലാം പറയാമെങ്കിലും അടുത്ത കാലത്തൊന്നും അത് യാഥാര്‍ഥ്യമാകുമെന്ന് തോന്നുന്നില്ല. ‘തെരി’ ബേബി ജോണ്‍ എന്ന പേരിലും ‘പരിയേറും പെരുമാള്‍’ ധടക് 2 എന്ന പേരിലും ‘ജോസഫ്’ സൂര്യ എന്ന പേരിലും ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയാന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല.

Is there no comeback for Akshay Kumar?: