AsifAli

മച്ചാനേ, എന്ന് മലയാളികള്‍ ഇഷ്ടത്തോടെ വിളിക്കുന്ന ഒരു നടന്‍. ‘ഋതു’വില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ തുടങ്ങി, പിന്നീട് പ്രണയവും പ്രതികാരവുമൊക്കെ കണ്ണില്‍ നിറച്ച്, ഇരുത്തംവന്ന നടന്‍ എന്ന് പേരെടുത്ത ആസിഫ് അലി. സിനിമകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടയ്ക്ക് അദ്ദേഹം വിമര്‍ശനവും നേരിട്ടു. ഇപ്പോള്‍ വളരെ അപമാനകരമായ ഒരു സാഹചര്യത്തില്‍ അങ്ങേയറ്റം പക്വതയോടെ പ്രതികരിച്ച ആസിഫ് അലിയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു മലയാളികള്‍. സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ‘നേരെ ചൊവ്വേ’യില്‍ മനസ്സുതുറക്കുകയാണ് നടന്‍ ആസിഫ് അലി

ജോണി ലൂക്കോസ് : ആദ്യമേ ഞാന്‍ താങ്കളെ ഒന്ന് അനുമോദിക്കട്ടെ. വിദ്വേഷത്തിന് ഇത്രയും വിപണിയുള്ള ഒരു കാലത്ത്, മനുഷ്യത്വം കൊണ്ട് ഒരു മാതൃക തീര്‍ത്തതിന്.

ആസിഫ് അലി: താങ്ക് യു സര്‍.

ജോണി ലൂക്കോസ് : രമേശ് നാരായണന് മെമന്റോ കൊടുത്ത ആ ചടങ്ങില്‍ താങ്കളുടെ മുഖത്ത് മായാതെ നിന്ന ചിരിയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. അപമാനിക്കപ്പെട്ടു എന്ന് തോന്നിയിട്ടും മുഖത്തുകണ്ട ആ ചിരിയുണ്ടല്ലോ, അതിന് അഭിനയിക്കേണ്ടിവന്നോ താങ്കള്‍ക്ക്?

ആസിഫ് അലി: അതേക്കുറിച്ച് സത്യസന്ധമായ കാര്യമാണ് ഞാന്‍ അന്ന് പ്രസ് മീറ്റില്‍ പറഞ്ഞത്. എനിക്ക് അങ്ങനെ ഒരു ഇന്‍സള്‍ട്ട് അവിടെ ഫീല്‍ ചെയ്തിട്ടില്ല. പെട്ടെന്നാണ് അദ്ദേഹത്തിന്  (രമേഷ് നാരായണന്) മെമന്റോ കൊടുക്കാനായി എന്നെ വിളിക്കുന്നത്. ഞാന്‍ ചെന്നു. ആങ്കറുടെ കയ്യില്‍ നിന്ന് മെമന്റോ സ്വീകരിച്ച് അദ്ദേഹത്തിന് കൊടുക്കുന്നു... സാധാരണ ഒരു അവാര്‍ഡോ മെമന്റോയോ സമ്മാനിക്കുന്ന സമയത്ത് ഒരു ചിരി അല്ലെങ്കില്‍ കൊടുക്കുന്നയാളെ ഒന്ന് പരിഗണിക്കുന്ന പ്രതികരണം കിട്ടാറുണ്ട്. പക്ഷേ അത് അദ്ദേഹം ചെയ്തില്ലെന്ന് പിന്നീട് മീഡിയയില്‍ അതിന്റെ ഫുട്ടേജ് (ദൃശ്യങ്ങള്‍) കണ്ടപ്പോള്‍ എനിക്ക് തോന്നി. പക്ഷേ പുരസ്കാരം സമ്മാനിച്ച ആ മൊമന്റില്‍ എനിക്കത് ഫീല്‍ ചെയ്തില്ല. എന്നെ ഏല്‍പ്പിച്ച കാര്യം ഞാന്‍ വളരെ ഭംഗിയായി ചെയ്തു. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ മര്യാദയോടുംകൂടി ഞാന്‍ അത് അദ്ദേഹത്തിന് സമ്മാനിച്ചു. അദ്ദേഹം ജയരാജ് സാറിനെ വിളിച്ച സമയത്ത് ഞാന്‍ അവിടെനിന്ന് മാറി. കാരണം എനിക്ക് ചെയ്യാനുള്ളത് അവിടെ ചെയ്ത് കഴിഞ്ഞിരുന്നു. ജയരാജ് സര്‍ വന്ന സമയത്ത് ഞാന്‍ സീറ്റില്‍ പോയി ഇരിക്കുകയും ചെയ്തു.

അതുകഴി​​ഞ്ഞ് പിറ്റേദിവസം ഉച്ചയ്ക്ക് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന് വേറൊരു വ്യാഖ്യാനം വന്നിരിക്കുന്നു എന്നും ഇദ്ദേഹം ഭീകരമായ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ മനസിലാക്കിയത്. അപ്പോഴാണ് ഒരുപാടുപേര്‍ എന്നെ വിളിക്കുന്നതും ഇത് ഞാന്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചൊക്കെ എന്നോട് പറയുന്നതും. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് ആ വേദിയില്‍ അങ്ങനെ ഒന്നും ഫീല്‍ ചെയ്തില്ല. എനിക്കും ആ സമയത്ത് തോന്നിയിരുന്നു, അദ്ദേഹത്തിന് സ്റ്റേജില്‍ വിളിക്കാത്തതിന്റെയും ‌പേര് മാറി അനൗണ്‍സ് ചെയ്തതിലും ഒക്കെയുള്ള ഒരു ടെന്‍ഷന്‍ അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നുവെന്ന്.

 

ജോണി ലൂക്കോസ് : അപ്പോള്‍ അത്രയ്ക്ക് താങ്കള്‍ക്ക് മനസിലായില്ലെങ്കിലും എം.ടി ഉള്‍പ്പെടെയുള്ള വലിയൊരു സദസിനുമുന്നില്‍ അല്‍പസമയമെങ്കിലും നിസംഗനായി നില്‍ക്കേണ്ടിവന്നു താങ്കള്‍ക്ക്.

ആസിഫ് അലി: ഒരു പരിധിവരെ ഇതൊക്കെ ശീലമായിട്ടുണ്ട്. നമ്മള്‍ അതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാത്ത അവസരം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഓപ്പൊസിറ്റ് റിയാക്ഷന്‍ എന്നുപറയാവുന്ന കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. ‘റോഷാക്’ സിനിമ തിയറ്ററില്‍ 50 ദിവസം ഓടിയതിന്റെ ആഘോഷച്ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് ഒരു മെമന്റോ തരുന്നുണ്ട് എന്നുപറഞ്ഞാണ് ജോര്‍ജേട്ടന്‍ ക്ഷണിച്ചത്. ഞാന്‍ അത് സ്വീകരിക്കാന്‍ വേണ്ടി അവിടെ ചെന്നു. ആ സിനിമയില്‍ അഭിനയിച്ചവരും ടെക്നിക്കല്‍ സൈഡില്‍ ജോലി ചെയ്തവരും എല്ലാവരുമുണ്ട്. അവര്‍ക്കെല്ലാം കിട്ടുന്നതുപോലെ ‘റോഷാക്കി’ന്റെ ഒരു മെമന്റോ പ്രതീക്ഷിച്ചാണ് ഞാനും ഇരിക്കുന്നത്. പക്ഷേ എന്റെ ലൈഫിലെ ഏറ്റവും നല്ല ഒരു മുഹൂര്‍ത്തമാണ് അവിടെ സംഭവിച്ചത്.

എനിക്ക് മെമന്റോ നല്‍കാന്‍ ദുല്‍ഖര്‍ വരുമ്പോള്‍ മമ്മൂക്കയും കൂടി സ്റ്റേജിലേക്ക് കയറി വരുന്നു... അവര്‍ രണ്ടുപേരും ചേര്‍ന്നാണല്ലോ എനിക്ക് മെമന്റോ തരാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം. അപ്പോഴാണ് പെട്ടെന്ന് ഒരു റോളക്സ് വാച്ചിന്റെ കവറുമായി മമ്മൂക്ക വന്നിട്ട് ‘ദാ, നീ എന്നോട് തമാശയ്ക്ക് ചോദിച്ചിരുന്നില്ലേ, ഇത് എന്റെ ഗിഫ്റ്റാണ്, ഈ സിനിമയില്‍ നീ അഭിനയിച്ചതിന്...’ എന്നുപറഞ്ഞ് ആ വാച്ച് എനിക്ക് തന്നു. എത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. അങ്ങനെ ഈ രണ്ട് എക്സ്ട്രീം സ്വഭാവമുള്ള സാഹചര്യങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്.

ജോണി ലൂക്കോസ്: ഈ സൈബര്‍ ആക്രമണം, വിദ്വേഷപ്രചരണം... അതിലൊക്കെ പ്രതികരിക്കുന്നത് സാധാരണ അതിന് ഇരയാകുന്ന ആളുകളാണ്. ഇവിടെ താങ്കളെ വേദനിപ്പിച്ച ആള്‍ക്കുവേണ്ടിയാണ് താങ്കള്‍ സംസാരിച്ചത്. അതായിരുന്നു അതിലെ വ്യത്യസ്തത. ഒരുപക്ഷേ ഇത്തരം സാഹചര്യങ്ങളില്‍, മുന്‍പ് താങ്കള്‍ നേരിടേണ്ടിവന്നിട്ടുള്ള കുത്തിപ്പറിക്കല്‍ എന്നുപറയാവുന്ന തരത്തിലുള്ള ആക്രമണമാണോ ഇങ്ങനെയൊരു എംപതി താങ്കളില്‍ ഉണ്ടാക്കിയത്?

ആസിഫ് അലി: തീര്‍ച്ചയായും. പ്രത്യേകിച്ച് സിനിമകള്‍ ഇറങ്ങുന്നസമയത്ത്. ഞാന്‍ വളരെ അപൂര്‍വമായി മാത്രമേ പൊളിറ്റിക്കല്‍ ആയ സ്റ്റേറ്റ്മെന്റ്സ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുള്ളു. എനിക്ക് ശരിയെന്ന് തോന്നുന്നത് പല സമയത്തും ഞാന്‍ പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ക്കൂടി ഒരു പ്രതികരണം നടത്തിയതുകൊണ്ട് അത് പൂര്‍ണമായെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഫോളോ ചെയ്യണമെന്നും അതില്‍ ഉറച്ചുനില്‍ക്കണമെന്നും നൂറുശതമാനം വിശ്വസിക്കുന്ന ഒരാളാണ്. കഴിയുന്നതും ഞാന്‍ സോഷ്യല്‍ മീഡ‍ിയയില്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാറില്ല.

ചെയ്തിട്ടുള്ള കാര്യങ്ങളാണെങ്കിലും ചില സിനിമകളുടെ റിവ്യൂ വരുമ്പോഴാണെങ്കിലും ഒക്കെ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരുദിവസം, ആ ഒരു രാത്രി കടന്നുകിട്ടാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ഒക്കെ അറിയാം. അദ്ദേഹത്തിന് (രമേഷ് നാരായണന്) ഒരുപക്ഷേ ഇത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരിക്കാം. പുതിയ തലമുറയുടെ ഒരു ആക്രമണ രീതിയാണത്. അത് അദ്ദേഹം ആദ്യമായി നേരിടുന്നതായിരിക്കാം. ഒരുപക്ഷേ അദ്ദേഹം ഇത്രയും വിമര്‍ശിക്കപ്പെടുന്നതുതന്നെ ആദ്യമായിട്ടായിരിക്കാം. അതും ഈ പ്രായത്തില്‍ അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ ഫെയ്സ് ചെയ്യാന്‍ എത്ര പ്രയാസമായിരിക്കും എന്ന് എനിക്ക് നന്നായറിയാം.

ജോണി ലൂക്കോസ് : ഒരു ഇരയുടെ മനഃശാസ്ത്രം താങ്കള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് താങ്കള്‍ക്ക് അത് ഇത്ര നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്. പക്ഷേ എപ്പോഴൊക്കെയാണ് താങ്കളെ ഇരയാക്കി എന്ന് തോന്നിയത്?

ആസിഫ് അലി: അത്തരം അനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ഒന്ന് ദിലീപേട്ടന്റെ (നടന്‍ ദിലീപ്) പ്രശ്നം ഉണ്ടായപ്പോഴാണ്. ‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് എടുത്ത ഒരു തീരുമാനത്തിന്റെ വാര്‍ത്താക്കുറിപ്പ് ഞാന്‍ വായിക്കുന്ന സമയത്ത് അതിന് വലിയ ന്യൂസ് ഹൈപ്പ് (വാര്‍ത്താ പ്രാധാന്യം) കിട്ടി. ചാനലുകളില്‍ അതിന്റെ വാര്‍ത്ത സ്ക്രോള്‍ ചെയ്തുവരികയും ഒക്കെ ചെയ്തു. അന്ന് രാത്രി എനിക്കുനേരെ വളരെ വലിയ സോഷ്യല്‍ മീഡിയ അറ്റാക്ക് ഉണ്ടായി. അന്ന് എന്റെ കരിയറും ലൈഫും ജീവിതത്തിലെ സമാധാനവും എല്ലാം തീര്‍ന്നു എന്നുവിചാരിച്ച അവസ്ഥ വരെ ഉണ്ടായി. അത്തരത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞുകഴിഞ്ഞ് ഉണ്ടാകുന്ന ആഫ്റ്റര്‍ ഇഫക്ട്സ് (പ്രത്യാഘാതങ്ങള്‍) വളരെ വലുതാണ്.

നമ്മള്‍ എത്ര ഉദ്ദേശശുദ്ധിയോടെയാണ് പറഞ്ഞതെന്നും നമ്മുടെ മനസില്‍ ഉണ്ടായിരുന്നത് എന്തായിരുന്നു എന്നുമൊക്കെ എത്രപേരെ പറഞ്ഞ് മനസിലാക്കാന്‍ പറ്റും? കാരണം നമ്മളെ ആക്രമിക്കുന്നത് തീര്‍ത്തും അപരിചിതരായ ആളുകളാണ്. നമ്മള്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ വച്ചാണ്. നമ്മളെപ്പറ്റി അത്തരത്തിലുള്ള കാര്യങ്ങള്‍ ആളുകള്‍ പറയുമ്പോള്‍, അഞ്ചോ ആറോ പേരാണെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് ഇതാണ് അല്ലെങ്കില്‍ എനിക്ക് കിട്ടിയ വിവരം ഇതാണ്, ഞാന്‍ മനസിലാക്കിയത് ഇതാണ് എന്നൊക്കെ അഞ്ചോ പത്തോ പേരെ പറഞ്ഞ് മനസിലാക്കാം. ഇത് നമുക്കറിയാത്ത, നമ്മള്‍ കണ്ടിട്ടില്ലാത്ത ആരൊക്കെയോ ഇരുന്ന് നമ്മളെപ്പറ്റി കുറ്റംപറയുമ്പോള്‍ ആകെ നിസഹായരായിപ്പോകും.

ജോണി ലൂക്കോസ്: എം.ടിയുടെ ജന്മദിനച്ചടങ്ങിലാണല്ലോ ഈ വിവാദമൊക്കെ ഉണ്ടായത്. എം.ടി പറഞ്ഞ വളരെ പ്രശസ്തമായ ഒരു വാചകമുണ്ട്, ‘സമൂഹത്തിന് ഒരു വേട്ടക്കാരന്റെ മനസാണെ’ന്ന്. പലപ്പോഴും ഈ വിദ്വേഷപ്രചരണം സോഷ്യല്‍ മീഡിയയില്‍ കാണുമ്പോള്‍ അത് ശരിയാണെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?

ആസിഫ് അലി: പറയുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് പല സമയത്തും നമുക്ക് നേരത്തേ പറഞ്ഞ നിസഹായാവസ്ഥ വരുന്നത്. നമ്മള്‍ പറയുന്നതിന്റെ ഒരു പ്രത്യേക പോയന്റ് മാത്രം ഹൈലൈറ്റ് ചെയ്യുകയും അത് എന്തുകാര്യവുമായി ബന്ധപ്പെട്ടാണ് പറഞ്ഞതെന്ന് മനസിലാക്കാന്‍ ശ്രമിക്കാതെയുമുള്ള പ്രസ്താവനകളും വാര്‍ത്തകളും വരുമ്പോഴാണ് ഈ പറയുന്ന വേട്ടയാടല്‍ ശരിക്കും അനുഭവപ്പെടുന്നത്. അതേപ്പറ്റി എന്തുപറയണമെന്ന് എനിക്കറിയില്ല...

ജോണി ലൂക്കോസ്: താങ്കള്‍ അപമാനിക്കപ്പെട്ടു എന്ന് കരുതിയ ഒരു വേദിയില്‍ നിന്ന് താങ്കളെ അപമാനിച്ചയാള്‍ എന്നുപറയുന്ന രമേഷ് നാരായണന്റെ കൂടി കൈപിടിച്ചുകൊണ്ടാണ് പുറത്തുവന്നത്. സാഹചര്യം മനസിലാക്കാതെ അതിനെയും വിമര്‍ശിച്ചവരുണ്ടോ?

ആസിഫ് അലി: ഞാന്‍ വളരെ ജെനുവിനായും മനസില്‍ പറയാന്‍ ആഗ്രഹിച്ചതുമായ കാര്യങ്ങളാണ് ആ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് പറഞ്ഞ രീതിയെപ്പറ്റി ഒരുപാട് ആളുകള്‍ വിളിച്ച് സംസാരിച്ചു. രാഷ്ട്രീയനേതാക്കള്‍ പലരും വിളിച്ചിട്ട് പറഞ്ഞത് ഞങ്ങള്‍ക്കുപോലും ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ല എന്നാണ്. എനിക്കുതോന്നുന്നത് എന്റെ ഉള്ളില്‍ നിന്ന് – ഒരുപക്ഷേ അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോയതുകൊണ്ടാവാം – നല്ല വ്യക്തതയോടെ അത് പറഞ്ഞ് മനസിലാക്കാന്‍ പറ്റി. വിളിച്ചവരൊക്കെ അതിനെ അഭിനന്ദിച്ചാണ് സംസാരിച്ചത്. അത്തരത്തില്‍ പോസിറ്റിവായി ചിന്തിക്കുന്നതിനെക്കുറിച്ചും, ആളുകള്‍ അങ്ങനെ ചിന്തിക്കേണ്ട ആവശ്യകതയെക്കുറിച്ചുമൊക്കെ ഒരുപാട് ചര്‍ച്ചകള്‍ ഞാന്‍ അതിനുശേഷം കണ്ടു.

ജോണി ലൂക്കോസ്: ആ നിമിഷം ആസിഫിന് അത് തോന്നിയില്ലെങ്കിലും പിന്നീട് ആ വിഡിയോ കണ്ടപ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഒരു താല്‍പര്യമില്ലായ്മ വളരെ പ്രകടമായിരുന്നുവെന്ന് തോന്നുകയും അതിന്റെ പേരില്‍ ഒരു ദേഷ്യമോ സങ്കടമോ ഒക്കെ തോന്നുകയും ചെയ്തിട്ടുണ്ടോ? മനുഷ്യനല്ലേ, അങ്ങനെ വരാമല്ലോ?

ആസിഫ് അലി: ഇല്ല, എനിക്ക് ദേഷ്യവും സങ്കടവുമൊന്നും ഫീല്‍ ചെയ്തില്ല. നേരത്തേ പറഞ്ഞതുപോലെ പല സമയത്തും അങ്ങനെയുള്ള ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളയാളാണ് ഞാന്‍. ഒരു സിനിമാപശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എനിക്ക് സിനിമയെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. പടിപടിയായി വളര്‍ന്നുവന്ന ഒരാളായാണ് ഞാന്‍ സ്വയം വിശ്വസിക്കുന്നത്. സ്വാഭാവികമായും അങ്ങനെയൊരു യാത്രയില്‍ ഇത്തരത്തിലുള്ള ഒരുപാട് സിറ്റുവേഷന്‍സ് എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എനിക്കത് ശീലമാണ്. എനിക്ക് തോന്നുന്നത്, ഞാന്‍ മുന്‍പ് അനുഭവിച്ചിട്ടുള്ളതുവച്ച് നോക്കുമ്പോള്‍ ഇത് അങ്ങനെ വലിയ കാര്യമൊന്നുമല്ല.

ജോണി ലൂക്കോസ് : താങ്കള്‍ തന്നെ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ പേര് ആദ്യം വിളിച്ചില്ല, വിളിച്ചപ്പോള്‍ത്തന്നെ പേര് തെറ്റിച്ചാണ് വിളിച്ചത്, ഒരുപക്ഷേ ജൂനിയറായ ഒരാളാണ് ഈ മെമന്റോ തരുന്നതെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം. അതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേക മാനസികാവസ്ഥയില്‍ സംഭവിച്ചുപോയതാകാം എന്ന് താങ്കള്‍ തന്നെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇനി അതല്ല, മനഃപൂര്‍വമായ അവഗണന ഉണ്ടായി എന്ന് തോന്നിയിരുന്നെങ്കില്‍ താങ്കള്‍ എങ്ങനെയാകും പ്രതികരിക്കുക.

ആസിഫ് അലി: (ചിരിക്കുന്നു...) വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ വഴിയില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍ അദ്ദേഹത്തോട് വ്യക്തിപരമായി അക്കാര്യം അറിയിക്കും. ഞാന്‍ ശീലിച്ചിരിക്കുന്നത് അതാണ്. മനസില്‍ ഉള്ളത് തുറന്നുപറയും. ഞാന്‍ വ്യക്തിപരമായി കണ്ട് ഇഷ്ടപ്പെട്ട ഒരു വലിയ കാരക്ടര്‍ ആണ് മമ്മൂക്ക. അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ഇഷ്ടമെന്നുപറഞ്ഞാല്‍, അദ്ദേഹം മനസില്‍ തോന്നുന്നത് എന്താണോ അത് എക്സ്പ്രസ് ചെയ്യും. അത് അവിടെ കഴിയും. ദേഷ്യമാണെങ്കിലും ചീത്തപറയാനാണെങ്കിലും, ആ ഒരു പൊട്ടിത്തെറി കഴിഞ്ഞാല്‍ അത് കഴിയും. ഞാന്‍ ചെറുപ്പംമുതല്‍ ആദരവോടെ കാണുന്ന ഒരു കാര്യമാണത്.

എന്റെ വീട്ടിലും ഞാന്‍ കണ്ടിട്ടുള്ളത് അതാണ്. എന്റെ പിതാവ് ഒരു കറതീര്‍ന്ന രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ സ്വഭാവമെല്ലാം കണ്ടുപഠിച്ചതുകൊണ്ടായിരിക്കാം എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ആ വേദിയില്‍വച്ച് അത് മനസിലാക്കിയിട്ടുണ്ടെങ്കില്‍ ഉറപ്പായും ഞാന്‍ അദ്ദേഹത്തോട് അത് പറഞ്ഞിരിക്കും.

ജോണി ലൂക്കോസ്: ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയില്‍ താങ്കളുടെ കഥാപാത്രത്തെ കണ്ടിട്ട് മാമുക്കോയ ചോദിക്കുന്നുണ്ട്, ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന്. താങ്കള്‍ അതില്‍ കുറച്ച് അസ്വസ്ഥനാകുന്നുണ്ട്. അതൊരു തമാശ സീനാണ്. ജീവിതത്തില്‍ ഇതുപോലത്തെ സീനുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടോ?

ആസിഫ് അലി: ഈ ചോദ്യത്തിന് ഞാന്‍ അങ്ങയെ ശരിക്കും ബഹുമാനിക്കുന്നു. എനിക്ക് ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഈ ചോദ്യം. ഞാന്‍ ഒരുപാടുപേര്‍ക്ക് അങ്ങനെ സംഭവിച്ച് കണ്ടിട്ടുണ്ട്, ഇപ്പോഴും സംഭവിക്കുന്നുണ്ട്. ഞങ്ങള്‍ പലസമയത്തും തമാശയായി പറഞ്ഞ് ചിരിക്കാറുള്ള കാര്യവുമാണ്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത്, പല സംവിധായകരും പേരുമാറിവിളിച്ച് ദേഷ്യപ്പെട്ട കഥകളൊക്കെ കേട്ടിട്ടുണ്ട്. ‘ഉസ്താദ് ഹോട്ടലി’ലെ ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് മാമുക്കോയ ആണ് ഇങ്ങനെയൊരു കോമഡിയുടെ സാധ്യത പറയുന്നത്. അത് അന്‍വര്‍ റഷീദിന് കൃത്യമായി ബോധ്യപ്പെടുകയും അത് സിനിമയില്‍ ഉള്‍പ്പെടുത്തുകയും സീനില്‍ മാമുക്കോയ എന്നോട് ആ ഡയലോഗ് പറയുകയും ചെയ്യുകയായിരുന്നു.

അതിനുശേഷം പക്ഷേ എനിക്ക് യഥാര്‍ഥജീവിതത്തിലും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ആളുകള്‍ എന്നോട് മനഃപൂര്‍വം കുഞ്ചാക്കോ ബോബനല്ല എന്ന് ചോദിച്ചിട്ടുണ്ട്. അത് ഒരു ചിരി കിട്ടാനായിരിക്കാം, ചിലപ്പോള്‍ ചെറുതായൊന്ന് ഇറിറ്റേറ്റ് ചെയ്യാനായിരിക്കാം. അതും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥ വളരെ പ്രധാനമാണ്. അതനുസരിച്ചാകും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക. നമ്മള്‍ നല്ല സന്തോഷത്തില്‍, ഒരു പോസിറ്റിവ് വൈബില്‍ നില്‍ക്കുന്ന സമയത്തൊക്കെ ഇത് ചോദിച്ചാല്‍ ചിലപ്പോള്‍ ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒരു കൗണ്ടര്‍ കോമഡിയില്‍ ഇത് ഒതുക്കും. പക്ഷേ നമ്മള്‍ വേറൊരു മൂഡില്‍ ഇരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ റിയാക്ഷന്‍ വേറെയായിരിക്കും. അതായിരിക്കും ചിലപ്പോള്‍ ഹൈലൈറ്റ് ചെയ്യപ്പെടുകയും ആളുകള്‍ കാണുകയും ചെയ്യുന്നത്.

ജോണി ലൂക്കോസ്: ഒരുപക്ഷേ സിനിമയിലേക്ക് വന്നപ്പോള്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസൂര്യ... ആ യുവനിര ഇങ്ങനെ തിളങ്ങിനില്‍ക്കുന്ന സമയമാണ്. അവര്‍ക്കൊപ്പമുള്ള ഒരു പരിഗണന റോളുകളുടെ കാര്യത്തില്‍ താങ്കള്‍ക്ക് കിട്ടിയിട്ടില്ല എന്നതും വാസ്തവമാണ്. അതിന്റെ പേരില്‍ അന്ന് താങ്കളെ ഇതുപോലെ ടീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ആസിഫ് അലി: ഇല്ലേയില്ല. എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം ലോട്ടറിയായിരുന്നു. എനിക്ക് സിനിമയില്‍ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നു. സിനിമയില്‍ വരണം എന്നുള്ള പ്ലാന്‍ എ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എന്ത് ധൈര്യത്തിലായിരുന്നുവെന്ന് സിനിമയില്‍ വന്നുകഴിഞ്ഞ് ചിന്തിച്ചപ്പോള്‍ എനിക്ക് പേടി തോന്നിയിട്ടുണ്ട്. എന്ത് ധൈര്യത്തിലാണ് ആ തീരുമാനമെടുത്ത് അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍, താങ്കള്‍ പറഞ്ഞ ആ ബാച്ച് കഴിഞ്ഞുവരുന്ന ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. ഇവരെല്ലാം കഥ കേട്ടുകഴിഞ്ഞ് അവര്‍ക്ക് വര്‍ക്കാകാത്ത കഥാപാത്രങ്ങളും സ്ക്രിപ്റ്റുകളുമാണ് എന്റെയടുത്ത് വന്നിരുന്നത്.

ഞാന്‍ ആദ്യകാലങ്ങളില്‍ ചെയ്ത സിനിമകളില്‍ പലതും അവരെ മനസില്‍ കണ്ട് എഴുതിയ സ്ക്രിപ്റ്റുകളായിരുന്നു. മല്ലു സിങ് എന്ന സിനിമയ്ക്കുവേണ്ടി പൃഥ്വിരാജിനെ വച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതുകഴിഞ്ഞ് പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് ആയതുകൊണ്ടോ മറ്റോ അദ്ദേഹത്തിന് അത് ചെയ്യാനായില്ല. പതിവുപോലെ അത് എന്നെ തേടിവന്നു. ആ യുവതാരനിര കഴിഞ്ഞുവരുന്ന ബെഞ്ചില്‍ ഞാന്‍ ഒറ്റയ്ക്കാണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ഈസിയായി അത് നേരെ എന്റെയടുത്തെത്തി.

കഥ മുഴുവന്‍ കേട്ടുകഴിഞ്ഞ് ഞാന്‍ എഴുന്നേറ്റ് നിന്ന് സ്ക്രിപ്റ്റ് റൈറ്റേഴ്സിനോട് പറഞ്ഞു, ‘എന്നെയൊന്ന് നോക്ക്, ഞാന്‍ എങ്ങനെയാണ് മല്ലുസിങ്ങായി അഭിനയിക്കുക? അതിനുള്ള വലുപ്പമില്ല, ആ പേരുപോലും ഞാന്‍ താങ്ങില്ല’. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് എന്റെയടുത്തേക്ക് വന്നുകൊണ്ടിരുന്നത്. ഞാന്‍ അവിടെയുണ്ട്, പക്ഷേ ഞാന്‍ അവിടെ സ്യൂട്ടബിള്‍ അല്ലായിരുന്നു. പക്ഷേ ആ സാഹചര്യവും പതിയെ ഞാന്‍ മറികടന്നു.

ജോണി ലൂക്കോസ് : രമേഷ് നാരായണനെ രക്ഷപെടുത്തിക്കൊണ്ടുള്ള താങ്കളുടെ പ്രതികരണത്തില്‍, ഈ പ്രശ്നത്തില്‍ ജാതിയും മതവും ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നതിന് എതിരായ ഒരു സന്ദേശം കൂടി ഉണ്ടായിരുന്നു. ഇതില്‍ അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. എന്നിട്ടുപോലും ഈ പുതിയ സോഷ്യല്‍ മീഡ‍ിയ രീതികളില്‍ അത് കടന്നുവരുന്നത് താങ്കളെ അസ്വസ്ഥനാക്കുന്നുണ്ടോ?

ആസിഫ് അലി: ജാതി വ്യവസ്ഥ ഉണ്ടായിരുന്നത് പണ്ടാണ് എന്നാണ് നമ്മള്‍ എപ്പോളും പറയാറുള്ളത്. പക്ഷേ ഇപ്പോള്‍ അത് തിരിച്ചുകൊണ്ടുവരാന്‍ ഭയങ്കരമായ ഒരു ശ്രമം നടക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളുടെ സ്വഭാവത്തില്‍ നിന്ന് നമുക്ക് മനസിലാകും. നമ്മളാരും കാണാത്ത ഒരു വശം കാണുന്ന ആളുകളുണ്ട്. അവര്‍ അത് ഹൈലൈറ്റ് ചെയ്ത് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തൊക്കെ വളരെ പ്രകടമായി കണ്ടിരുന്നു. പണ്ട് ഞാന്‍ ഒരു സ്റ്റേജില്‍ സംസാരിച്ച കാര്യം ഈ അവസരത്തില്‍ ഒന്നുകൂടി പറയാം. ഞാന്‍ ഒരുദിവസം ഒരു ന്യൂസ് കണ്ടു, നബിദിന റാലിക്ക് വന്ന കുട്ടികള്‍ക്ക് തണുത്ത നാരങ്ങവെള്ളം കൊടുത്ത് മാതൃകയായി ഒരു അമ്പലത്തിലെ ആളുകള്‍ എന്നായിരുന്നു വാര്‍ത്ത. അത് ഭയങ്കരമായി ആഘോഷിക്കപ്പെടുകയാണ്.

എന്നെ സംബന്ധിച്ചിടത്തോളം അതിന് ഒരു വാര്‍ത്താപ്രാധാന്യവുമില്ല. എന്റെ ചെറുപ്പത്തില്‍ ഞാന്‍ വളരെ സാധാരണയായി കണ്ടിരുന്ന കാര്യമാണ്. അതിനെ എന്തോ അസാധാരണമായ വലിയ കാര്യമാണെന്ന രീതിയില്‍ പ്രാധാന്യത്തോടെ ആ വാര്‍ത്ത വരുന്നത് കണ്ടപ്പോഴാണ് എനിക്ക് ഒരു ആശങ്കയും പേടിയും വന്നത്. വീണ്ടും ഇത് വല്ലാതെ ഹൈലൈറ്റ് ചെയ്യപ്പെടുന്നല്ലോ എന്ന്.

ഇപ്പോഴത്തെ വിവാദമുണ്ടായപ്പോഴും ആദ്യഘട്ടത്തില്‍ ആളുകള്‍ എന്നെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിനെതിരെ (രമേഷ് നാരായണനെതിരെ) ഭയങ്കരമായ വിദ്വേഷപ്രചാരണം തുടങ്ങി. അദ്ദേഹത്തിന്റെ പാട്ടുകളെപ്പറ്റിയും അദ്ദേഹം നടക്കുന്ന രീതിയപ്പറ്റിപ്പോലും ആളുകള്‍ (മോശമായി) സംസാരിക്കുന്ന അവസ്ഥ ഞാന്‍ കണ്ടു. അപ്പോഴാണ് ഇക്കാര്യത്തില്‍ പ്രതികരിക്കണം, വിശദീകരിക്കണം എന്ന് എനിക്ക് തോന്നിയത്. അപ്പോഴും ആലോചിച്ചത്, ഞാന്‍ പറയുമ്പോള്‍ എന്റെ നാവില്‍ നിന്ന് വീഴുന്ന ഓരോ വാക്കും സൂക്ഷിച്ചല്ലെങ്കില്‍ അത് വേറൊരു തലത്തിലേക്കും ചര്‍ച്ചകളിലേക്കും കൊണ്ടുപോകാന്‍ സാധ്യതയുണ്ട് എന്ന കാര്യമാണ്. അതുകാരണം ഞാന്‍ സമയമെടുത്ത്, ആലോചിച്ച ശേഷമാണ് എന്തുപറയണം എന്ന് തീരുമാനിച്ചത്. അദ്ദേഹത്തെ വിളിച്ചതുപോലും അതിനുശേഷമാണ്. അത്രയും സങ്കീര്‍ണമാണ് ഇപ്പോഴത്തെ സാഹചര്യം.

പറയുന്ന കാര്യങ്ങളുടെ വ്യാഖ്യാനങ്ങളാണ് ഏറ്റവും ഭീകരം. പറയുന്നതില്‍ നിന്ന് ഒന്നും കിട്ടാത്തപ്പോലാണ് ഇതില്‍ മതം കൊണ്ടുവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും രണ്ട് മതക്കാരാണെന്നും മതങ്ങളുടെ വ്യത്യാസമാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും ഒക്കെ പൊലിപ്പിച്ചുകാട്ടുന്ന രീതിയിലേക്ക് ആ വാര്‍ത്ത അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും ആയപ്പോഴേക്ക് മാറി. അത് ഭീകരമായ ഒരവസ്ഥയാണ്.

ജോണി ലൂക്കോസ്: താങ്കള്‍ വിളിച്ചപ്പോള്‍ രമേഷ് നാരായണന്റെ മാനസികാവസ്ഥ എങ്ങനെയാണ് താങ്കള്‍ക്ക് അനുഭവപ്പെട്ടത്?

ആസിഫ് അലി: എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ അടുത്തറിയില്ല. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ട്. ടിവിയില്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് അങ്ങനെ അടുത്തുപരിചയമില്ല. വ്യക്തിപരമായി അറിയില്ല. പക്ഷേ ഞാന്‍ വിളിച്ച നിമിഷം, ഞാന്‍ ആസിഫ് അലിയാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സംസാരിച്ചുതുടങ്ങിയ രീതി, ആ പ്രായമുള്ള, അത്രയും സീനിയര്‍ ആയ ഒരാള്‍ക്ക് എന്നോട് സംസാരിക്കാവുന്നതുപോലെ അല്ലായിരുന്നു. അദ്ദേഹം വിതുമ്പുകയായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് ഞാന്‍ കണ്ടു. മാപ്പപേക്ഷിക്കുന്നതുപോലുള്ള അവസ്ഥ. എനിക്ക് ആ അവസ്ഥ മനസിലായി. കാരണം മനപ്രയാസത്തിന്റെ പീക്കിലാണ് അദ്ദേഹം നില്‍ക്കുന്നത്. ഇനിയും അത് കൈകാര്യം ചെയ്യാനും നേരിടാനും പറ്റില്ല എന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലുണ്ടായിരുന്നു.

എന്നോട് ആദ്യം പറയുന്നത് ‘എനിക്ക് മോനെ ഒന്നുകാണണം’ എന്നാണ്. ‘എവിടെയാണ് ഉള്ളത്’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘സര്‍ ഞാന്‍ എറണാകുളത്തുണ്ട്’. അദ്ദേഹം തിരുവനന്തപുരത്താണുള്ളത്. ‘എന്റെ ‘ലെവല്‍ക്രോസ്’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ ഉണ്ട്. ഞാന്‍ അതിനുവേണ്ടി ഓടിനടക്കുകയാണ്. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാന്‍ ഈ സമയത്ത് എനിക്ക് പറ്റില്ല. പക്ഷേ ഇങ്ങനെയൊരു കാര്യത്തിന്റെ പേരില്‍ സാര്‍ എറണാകുളത്തേക്ക് വരുന്നത് എനിക്ക് ആലോചിക്കാന്‍ കൂടി പറ്റില്ല’. അങ്ങനെയൊരു കാര്യം അദ്ദേഹത്തോട് പറയുന്നത് ഒരിക്കലും മര്യാദയല്ല. ഞാന്‍ പറഞ്ഞു ‘സാറ് ഇങ്ങോട്ട് വരേണ്ട ഒരാവശ്യവുമില്ല. എനിക്ക് ഇതില്‍ നൂറുശതമാനം ഒരു രീതിയിലുമുള്ള പരിഭവമോ പിണക്കമോ ഒരു ഫീലിങ്സും എനിക്ക് അതില്‍ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളോട് എനിക്ക് ഒരു രീതിയിലും പ്രതികരിക്കാന്‍ കഴിയില്ല’. പക്ഷേ എത്രയും വേഗം ഇക്കാര്യത്തില്‍ ഒരു വിശദീകരണം നേരിട്ട് നല്‍കും എന്ന് അദ്ദേഹത്തിന് ഉറപ്പുകൊടുത്തിട്ടാണ് ഞാന്‍ നിര്‍ത്തിയത്.

അദ്ദേഹം മാപ്പുപറയുന്ന രീതിയിലൊക്കെ സംസാരിച്ചുതുടങ്ങിയപ്പോള്‍, ഒരിക്കലും അങ്ങനെ സംസാരിക്കേണ്ടതില്ല എന്നുപറഞ്ഞ് നിര്‍ത്തിയശേഷമാണ് ഞാന്‍ എറണാകുളത്ത് സെന്റ് ആല്‍ബര്‍ട്സ് കോളജിലെ പരിപാടിക്ക് പോകുന്നത്. മാധ്യമങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും താല്‍പര്യത്തോടെ ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു. ആ സാഹചര്യത്തില്‍ ചെയ്യാവുന്ന രീതിയില്‍ ഒരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുകയും എനിക്ക് പറയാനുള്ളത് കൃത്യമായി പറയുകയുമാണ് ചെയ്തത്.

ജോണി ലൂക്കോസ്: ഞാന്‍ ആദ്യം തന്നെ പറഞ്ഞല്ലോ, കേരളസമൂഹം മുഴുവന്‍ താങ്കളോട് നന്ദിപറയണം അതുപോലത്തെ ഒരു പ്രതികരണത്തിന്. ഒരുപക്ഷേ ആസിഫിന് ഇത്രയും പക്വതയുണ്ടോ എന്ന് ആസിഫ് തന്നെ സംശയിച്ചുപോയിരിക്കാം.

ആസിഫ് അലി: ഉറപ്പായിട്ടും

ജോണി ലൂക്കോസ്: ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ അതിനോട് പ്രതികരിക്കണം എന്ന് വിചാരിക്കുന്ന ആളാണോ ആസിഫ്? അതോ ഇതൊക്കെ അവഗണിച്ച്, ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന ആളാണോ?

ആസിഫ് അലി: എനിക്ക് സംഭവിക്കുകയാണെങ്കില്‍ ഞാന്‍ പ്രതികരിക്കുന്ന ആളാണ്. പക്ഷേ അത് എന്റേതായ രീതിയിലായിരിക്കും. നേരിട്ടുതന്നെയായിരിക്കും എന്റെ പ്രതികരണം ഞാന്‍ അറിയിക്കുക. അല്ലെങ്കില്‍ എനിക്ക് വിഷമം ഉണ്ടായിട്ടുണ്ട് എന്ന് ഞാന്‍ ആരാണോ മറുവശത്തുള്ളത് അദ്ദേഹത്തെ അറിയിച്ചിരിക്കും. അത് പറഞ്ഞില്ലെങ്കില്‍പ്പിന്നെ എന്റെ മനസില്‍ അത് കിടക്കും.

ജോണി ലൂക്കോസ്: ‘തലവനി’ല്‍ കണ്ട കാര്‍ത്തിക് വാസുദേവന്‍ എന്ന യുവ എസ്ഐ ഉണ്ടല്ലോ, ആ കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ കാണുന്ന അരിശം, എടുത്തുചാട്ടം അതൊക്കെ താങ്കളില്‍ ഉണ്ടോ?

ആസിഫ് അലി: എല്ലാ കഥാപാത്രങ്ങളിലും എന്റെ വ്യക്തിത്വത്തിന്റെ കുറേ കുഞ്ഞു‍കുഞ്ഞുകാര്യങ്ങള്‍ ഉണ്ട്. അത് ചിലപ്പോള്‍ നിരീക്ഷിച്ച് കണ്ടെത്തിയതായിരിക്കാം അല്ലെങ്കില്‍ ചുറ്റുപാടുകളില്‍ നിന്ന് ഞാന്‍ അറിയാതെ മനസിലാക്കിയ കാര്യങ്ങളായിരിക്കാം. എടുത്തുചാട്ടവും ഉണ്ടായിരുന്നു. പക്ഷേ പ്രായത്തിന്‍റേതായ പക്വത സ്വഭാവത്തില്‍ വരുമ്പോള്‍ ഉണ്ടാകാറുള്ള കുറേ മാറ്റങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. പണ്ട് ഞാന്‍ റോഡിലേക്ക് കാര്‍ എടുത്ത് ഇറങ്ങുമ്പോള്‍ മുതല്‍ എന്റെ സുഹൃത്തുക്കള്‍ക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ടെന്‍ഷനാണ്. ഒരു വണ്‍വേ തെറ്റിച്ചുവരുന്ന ഒരു കാറുകാരനോടോ ബസുകാരനോടോ ഞാന്‍ റിയാക്റ്റ് ചെയ്യുന്നത്, അനാവശ്യമായി ഹോണടിക്കുന്നവരോട് പ്രതികരിക്കുന്നത് ഒക്കെ ഓര്‍ത്തിട്ടാവും. പണ്ട് എനിക്കുണ്ടായിരുന്നത് വേറൊരു സ്വഭാവമായിരുന്നു. തീര്‍ച്ചയായും ചൂടനായിരുന്നു.

പ്രതികരിക്കണമെന്നും ഒരു പൊലീസുകാരന്റെ അധികാരം എനിക്ക് വേണമെന്നും ഒക്കെ പലസമയത്തും എനിക്ക് തോന്നിയിട്ടുണ്ട്. അതൊക്കെയായിരിക്കാം ‘തലവനി’ലെ കാര്‍ത്തിക്കിലൂടെ എനിക്ക് ചെയ്യാന്‍ പറ്റിയത്.

സുരേഷ് ഗോപിയെ ഞാന്‍ ആദ്യമായി കാണുന്നത് ഇടപ്പള്ളി ജങ്ഷനില്‍ വച്ചാണ്. ലുലു മാള്‍ വരുന്ന സമയത്തോ മറ്റോ ആണെന്നുതോന്നുന്നു. അവിടെ പണ്ടുമുതല്‍ ട്രാഫിക് കുരുക്കുണ്ട്. എറണാകുളത്ത് വരുന്നതുമുതല്‍ ഇടപ്പള്ളി സിഗ്നല്‍ ഒരു പേടിസ്വപ്നമാണ്. അവിടെ ഓറഞ്ച് കഴിഞ്ഞ് റെഡ് സിഗ്നല്‍ കത്തിയ സമയത്ത് ഒരു ബഹളം കണ്ടു. ഞാന്‍ വണ്ടിയില്‍ നിന്ന് തലപുറത്തേക്കിട്ട് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് സുരേഷ് ഗോപി ഇടപ്പള്ളി സിഗ്നലില്‍ നിന്ന് ഒരു പ്രൈവറ്റ് ബസ് ഡ്രൈവറെ വിറപ്പിക്കുന്നതാണ്. അദ്ദേഹം ആക്രോശിക്കുകയാണ്. ബസ് റെഡ് സിഗ്നല്‍ മറികടന്നുവന്നപ്പോള്‍ സുരേഷേട്ടന്‍ വണ്ടി വട്ടംവച്ച് അയാളെക്കൊണ്ട് റിവേഴ്സ് എടുപ്പിച്ചു.

അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. പക്ഷേ എന്റെ ഉള്ളില്‍ ഈ ചോരത്തിളപ്പ് ഉള്ള കാലമാണ്. ഒരു ശങ്കര്‍ സിനിമ കണ്ട ഫീലിലാണ് ഞാന്‍ നില്‍ക്കുന്നത്. നേരിട്ട് റോഡിലിറങ്ങി ഒരു അന്യായത്തെ ചോദ്യം ചെയ്യുന്ന ഒരു നായകന്‍ എന്ന രീതിയിലാണ് ഞാന്‍ കാണുന്നത്. സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ വളരെ മാറി. ഇപ്പോഴൊക്കെ നമ്മള്‍ അങ്ങനെ റിയാക്റ്റ് ചെയ്യുകയാണെങ്കില്‍ മറുവശത്തുള്ള ആള്‍ ഏത് അവസ്ഥയിലായിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല.

ജോണി ലൂക്കോസ്: പണ്ടത്തേതുപോലെ അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു സാഹചര്യമല്ല ഇപ്പോള്‍. ജീവനുതന്നെ ഭീഷണിയാകാം അത്, അല്ലേ?

ആസിഫ് അലി: അതെ. പ്രത്യേകിച്ച് കുടുംബത്തോടൊപ്പവും കുട്ടികളോടൊപ്പവും പോകുന്ന സമയത്ത് മിണ്ടാതിരിക്കുക എന്നതിലേക്കെത്തി കാര്യങ്ങള്‍. അത്രയും മെച്വേര്‍ഡ് ആയി ഇപ്പോള്‍ ഞാന്‍.

ജോണി ലൂക്കോസ്: ഈ വിവാദമുണ്ടായപ്പോള്‍ ഒരുപാട് രാഷ്ട്രീയക്കാര്‍ താങ്കളെ പിന്തുണച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ. താങ്കളുടെ വാപ്പ എം.പി.ഷൗക്കത്തലി അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു, സിപിഎം നേതാവായിരുന്നു. രാഷ്ട്രീയക്കാരുടെ ഈ പിന്തുണയില്‍ ശരിക്കും താങ്കള്‍ക്ക് വിശ്വാസമുണ്ടോ?

ആസിഫ് അലി: എല്ലാവരും എന്നോട് പറഞ്ഞത് ഞാന്‍ അത് കൈകാര്യംചെയ്ത രീതിയും പ്രസ്മീറ്റില്‍ അതിനെപ്പറ്റി സംസാരിച്ച രീതിയപ്പറ്റിയുമാണ്. ആദ്യം വിളിക്കുന്നത് വി.ഡി.സതീശനാണ്. അദ്ദേഹം ‘മോനേ എത്ര ബ്യൂട്ടിഫുള്‍ ആയിട്ടാണ് നീ സംസാരിച്ചത്, ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കുപോലും സംസാരിക്കുന്ന സമയത്ത് ചിലപ്പോള്‍ നമ്മുടെ സേഫ്റ്റിക്കുള്ള ഒരു പോയന്‍റ് അവിടെ ഇടും. മോന്‍ അതുപോലും നോക്കാതെ സംസാരിച്ചു’ എന്നുപറഞ്ഞു. അത് കൈകാര്യം ചെയ്ത രീതി എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും അങ്ങനെയാവണം എന്നൊരു താല്‍പര്യം ആളുകള്‍ക്ക് തോന്നുകയും ചെയ്തു. അതുമാത്രമാണ് എന്നോട് എല്ലാവരും പറഞ്ഞത്, അല്ലാതെ എനിക്കുണ്ടായ അവഗണനയെപ്പറ്റിയോ അങ്ങനെ ആളുകള്‍ ചെയ്യുന്നതിനെപ്പറ്റിയോ ഒന്നുമല്ല. ഇങ്ങനെയൊരു പ്രശ്നം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അത് എങ്ങനെ ഡീല്‍ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ഒരു ബെഞ്ച്മാര്‍ക്ക് (മാനദണ്ഡം) അവിടെ സെറ്റ് ചെയ്യപ്പെട്ടു.

ജോണി ലൂക്കോസ്:  അതെയതെ. ആ പ്രതികരണത്തിലെ നന്മ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള ആളുകള്‍ തിരിച്ചറിഞ്ഞു എന്നത് വലിയൊരു കാര്യമാണ്.

ആസിഫ് അലി: അതാണ് എനിക്ക് ഏറ്റവും നന്നായി തോന്നിയത്. എന്നെ ഗോവിന്ദന്‍ മാഷ് (സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍) വിളിച്ചു. ‘വളരെ മെച്വേര്‍ഡായ സംസാരരീതിയായിരുന്നു, അങ്ങനെ വേണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുപാടുപേര്‍ മെസേജുകള്‍ അയയ്ക്കുന്നുണ്ട്. ഞാന്‍ ഫോണ്‍ നോക്കുന്ന കാര്യത്തില്‍ അല്‍പം പിന്നോട്ടാണ്. അങ്ങനെയൊരു കുപ്രസിദ്ധിയുമുണ്ട്. ഫോണില്‍ കിട്ടാന്‍ ഇപ്പോഴും ഇത്തിരി പ്രശ്നമാണ്. എനിക്ക് വാസ്തവത്തില്‍ ആത്മവിശ്വാസം കൂടുന്നതിനെ ഭയമാണ്. അഭിമുഖങ്ങളില്‍പ്പോലും ഞാന്‍ മനസില്‍ വയ്ക്കുന്ന ഒരു കാര്യമുണ്ട്. സംസാരിച്ചുതുടങ്ങി ഒരു ഘട്ടം കഴിയുമ്പോള്‍ നമുക്ക് ആത്മവിശ്വാസം കൂടും. ആ സമയത്ത് ചിലപ്പോള്‍ നമ്മള്‍ ഒന്ന് വിരിയും. അത് ഇത്തിരി അപകടമാണ്. അത്തരം കാര്യങ്ങളെപ്പറ്റിയാണ് അവര്‍ എന്നോട് പറഞ്ഞത്. എനിക്കതില്‍ വളരെ സന്തോഷം തോന്നി.

ഞാന്‍ ജനിച്ച കാലം മുതല്‍ കാണുന്നതാണ് വാപ്പ ആളുകളോട് സംസാരിക്കുന്ന രീതി. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് വീടിന്‍റെ ഗേറ്റ് തുറന്നിടുകയാണ്. അതുകഴിഞ്ഞ് ഉമ്മറത്ത് വന്നിരുന്നുകഴിഞ്ഞാല്‍ ആളുകള്‍ കാണാന്‍ വരും. അവരോടെല്ലാം വാപ്പ സംസാരിക്കും. ഓരോരുത്തരെയും പേരെടുത്തുവിളിച്ച് സംസാരിക്കാനുള്ള പരിചയം വാപ്പയ്ക്ക് അവിടെയുണ്ട്. അവരോട് സംസാരിക്കുന്ന രീതി കണ്ടിട്ടുണ്ട്. അതുതന്നെയാണ് ഞാനും പിന്തുടരുന്നതെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ജോണി ലൂക്കോസ്: വീട് എപ്പോഴും തുറന്നിട്ടിരുന്ന വാപ്പയുടെ മകന്‍ എന്താണ് ഫോണ്‍ എപ്പോഴും അടച്ചിടുന്നത്?

ആസിഫ് അലി: ഒരാള്‍ക്ക് ഒരു ദുശീലം വേണം. എന്‍റെ ദുശീലം അതാണ്. മനപൂര്‍വം ചെയ്യുന്നതാണെങ്കില്‍ പലപ്പോഴും ഞാന്‍ അത് വിശദീകരിക്കാന്‍ ശ്രമിച്ചേനെ. ആ സ്വഭാവം മാറ്റിയാല്‍ ഞാന്‍ നന്നാവുമെന്ന തോന്നല്‍ വന്നേനെ. പക്ഷേ ആ സ്വഭാവം എനിക്ക് മാറ്റാന്‍ പറ്റുന്നില്ല. കാരണം എനിക്ക് വേണ്ടത് ഒരു പഴ്സണല്‍ സ്പേസ് ആണ്. ഇത്രയും താല്‍പര്യത്തോടെ ഞാന്‍ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ ഒരു ഡിസ്റ്റര്‍ബന്‍സ് വരുന്നത് എനിക്ക് ഇഷ്ടമല്ല. ഞാന്‍ എവിടെയാണോ അവിടെ ആയിരിക്കണം ഞാന്‍. അത് നൂറുശതമാനവും അവിടെ ആയിരിക്കണം...

ENGLISH SUMMARY:

Asif Ali Interview; Nere Chovve Part 1