darshan-actor

ജയിലിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണവും കിടക്കയും പുസ്തകങ്ങളും നൽകണമെന്ന കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ ഹര്‍ജി തള്ളി കോടതി. കൊലക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ദർശൻ. ജയിലിൽ പ്രത്യേക സൗകര്യങ്ങളൊന്നും ലഭിക്കില്ലെന്നും വീട്ടിൽ പാകം ചെയ്ത ഭക്ഷണം സ്വീകരിക്കാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ദര്‍ശന്‍ ഹര്‍ജി നല്‍കിയത്. 

ദർശന് മറ്റ് തടവുകാർക്ക് നൽകുന്ന അതേ ഭക്ഷണം നൽകുന്നത് തുടരുകയും മറ്റ് തടവുകാർ ചെയ്യുന്നതുപോലെ ജീവിക്കുകയും ചെയ്യണമെന്നും കോടതി നിർദേശിച്ചു. നടൻ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ കൊലക്കേസ് പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സഹായത്തിന് ആളെ അനുവദിക്കണമെന്ന അപേക്ഷയും കോടതി.

ജയിലിലെ ഭക്ഷണം കഴിച്ച് വയറിളക്കം പിടിപ്പെട്ടതിനെ തുടര്‍ന്നാണ് ദര്‍ശന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് വീട്ടില്‍ നിന്നുളള ഭക്ഷണം ജയിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നതടക്കം നിരവധി ആവശ്യങ്ങളാണ് ദര്‍ശന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് അഭിഭാഷകന്‍മുഖേന നല്‍കിയ ഹര്‍ജിയിലാണ് ദര്‍ശന്‍ വ്യക്തമാക്കിയത്. ജയിലിലെ ഭക്ഷണം തന്‍റെ കക്ഷിക്ക് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.എൻ.ഫനീന്ദ്ര കോടതിയെ അറിയിച്ചു. ദര്‍ശന് അണുബാധയേറ്റെന്ന് വ്യക്തമാക്കുന്ന ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ജയില്‍ ഭക്ഷത്തില്‍ നിന്നേറ്റ അണുബാധ ദര്‍ശന്‍റെ ആരോഗ്യത്തെ സാരമായി ബാധിച്ചെന്നും ഇതേതുടര്‍ന്ന് ദര്‍ശന്‍റെ ശരീരഭാരം കുറഞ്ഞെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

വീട്ടില്‍ നിന്നുളള ഭക്ഷണം കൂടാതെ കിടക്ക, ഭക്ഷണം കഴിക്കാന്‍ സ്പൂണ്‍, വായിക്കാന്‍ പുസ്തകം, ഇഷ്ടപ്പെട്ട വസ്ത്രം, എന്നിവ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. സ്വന്തം ആരാധകന്‍ കൂടിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞമാസം 11-നാണ് ദര്‍ശന്‍ അറസ്റ്റിലായത്. നടിയും ദര്‍ശന്‍റെ സുഹൃത്തും കൂടിയായ പവിത്ര ഗൗഡ ഉള്‍പ്പെടെ 17 പേരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതിയായ പവിത്രയും ജയിലിലാണ്. പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമം വഴി അശ്ലീലസന്ദേശമയച്ച ആരാധകനെ ഇരുവരും കൊലപ്പെടുത്തി എന്നതാണ് കേസ്.

ENGLISH SUMMARY:

Kannada actor Darshan Thogudeepa's plea to provide home-cooked food, bed and books in jail rejected