കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് വയനാട് സാക്ഷിയായത്. മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചെളിയില്‍ മൂടിപ്പോയവര്‍ക്കും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുമായി രക്ഷാദൗത്യസംഘം കൈമെയ് മറന്ന് രാപകലില്ലാതെ തിരച്ചില്‍ നടത്തുകയാണ്. ഇപ്പോഴിതാ വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഓരോ വ്യക്തിയെയും അഭിനന്ദിച്ചും വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ഇതിന് മുന്‍പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തവരാണ് നമ്മള്‍ മലയാളികളെന്ന് മോഹന്‍ലാല്‍ കുറിച്ചു. അപകടം പതിയിരിക്കുന്ന ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ സേനാംഗങ്ങള്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുളള എല്ലാവര്‍ക്കും താരം തന്‍റെ കുറിപ്പിലൂടെ അഭിനന്ദനവും അറിയിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ കുറിപ്പ് പങ്കുവച്ചത്.
മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
‘വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എന്‍റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്‍റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്‍റെ കരുത്ത് കാട്ടാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്’ എന്നാണ് മോഹന്‍ലാല്‍ ഫെയ്ബുക്കില്‍ കുറിച്ചത്.
അതേസമയം വയനാട് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ പൊലിഞ്ഞത് 330 പേര്‍ക്കെന്ന് കണക്കുകള്‍. 14 മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. ചാലിയാറില്‍ നിന്ന് ഇതുവരെ 180 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി ഇനിയും 284 പേരെക്കൂടി കണ്ടെത്താനുണ്ട്.