abhishek-bachchan

ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും കുറച്ച് കാലങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമാണ്. അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയതിന് പിന്നാലെ മാധ്യമങ്ങളില്‍ വീണ്ടും ഐശ്വര്യ– അഭിഷേക്  ബന്ധത്തില്‍ വിള്ളലുകളുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  ഇപ്പോഴിതാ അത്തരം ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അഭിഷേക് തന്നെ രംഗത്തുവന്നിരിക്കുകയാണ്. ‌‌ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നാണ് ഐശ്വര്യ ഇട്ട മോതിരം കാണിച്ചുകൊണ്ട് അഭിഷേക് പറഞ്ഞത്. കഥകള്‍ മെനയാന്‍ വേണ്ടി കാര്യങ്ങള്‍ ഊതിപെരുപ്പിക്കുകയാണെന്നാണ് താരം പ്രതികരിച്ചത്. 

'ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത് സങ്കടകരമാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില കഥകള്‍ ഉണ്ടാക്കണം. അതുമാത്രമാണ് ആവശ്യം. സാരമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കാന്‍ ബാധ്യസ്ഥരാണ്. ഞാൻ ഇപ്പോഴും വിവാഹിതനാണ്'– അഭിഷേക് ബച്ചന്‍. മകള്‍ ആരാധ്യയുമൊത്ത് ന്യൂയോര്‍ക്കിലാണ് ഐശ്വര്യ. 

ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ലെന്നും പിരിയുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെ നാളുകളായി. ‌‌അനന്ത്–രാധിക വിവാഹാഘോഷത്തിന് അഭിഷേക് എത്തിയത് മാതാപിതാക്കള്‍ക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചനം സംബന്ധിച്ച ഒരു പോസ്റ്റിന് ചുവടെ അഭിഷേക് ബച്ചന്‍ ലൈക്ക് ചെയ്തത്. അതേസമയം ഇത് ശരിയായ പ്രചാരണമല്ലെന്നും ഐശ്വര്യയുടെ ഉറ്റസുഹൃത്തായ ഡോ. സിറകിന്‍റെ വാക്കുകള്‍ ആ പോസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാലാണ് അഭിഷേക് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഷേകിന്‍റെ ലൈക്കിന് പിന്നാലെ ബിഗ്ബിയുടെ ബ്ലോഗിലും ചെറിയ കല്ലുകടികള്‍ പ്രത്യക്ഷപ്പെട്ടുവെന്നും ബോളിവുഡില്‍ അടക്കം പറച്ചിലുകളുണ്ടായിരുന്നു.

ENGLISH SUMMARY:

Abhishek Bachchan reacts to divorce news