പി.ടി.ഉഷയുടെ ജീവിതം ആസ്​പദമാക്കി ഒരുക്കുന്ന ബയോപിക്കില്‍ അഭിനയിക്കുന്നത് തന്‍റെ ദീര്‍ഘകാല സ്വപ്​നങ്ങളിലൊന്നാണെന്ന് നടി മാളവിക മോഹനന്‍. താന്‍ ചെറുപ്പത്തില്‍ ഒരു അത്​ലറ്റായിരുന്നുവെന്നും പി.ടി.ഉഷ തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററില്‍ ആരാധകരുമായുള്ള ക്വസ്​റ്റ്യന്‍ ആന്‍സര്‍ സെഷനിലായിരുന്നു മാളവികയുടെ പ്രതികരണം.

ആരുടെ ബയോപിക്കില്‍ അഭിനയിക്കാനാണ് താല്‍പര്യം എന്നായിരുന്നു മാളവികയോടുള്ള ചോദ്യം. 'നിങ്ങള്‍ ഈ ചോദ്യം ചോദിച്ചത് നല്ല തമാശയായി. കാരണം പി.ടി. ഉഷയുടെ ജീവിതം ആസ്​​പദമാക്കിയുള്ള ബയോപിക്കില്‍ അഭിനയിക്കുക എന്നത് എന്‍റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്. ചെറുപ്പത്തില്‍ ഞാന്‍ ഒരു ട്രാക്ക് റണ്ണറും അത്​ലറ്റുമായിരുന്നു. ആ സമയത്ത് എന്‍റെ ഒരു പ്രധാനപ്രചോദനമായിരുന്നു പി.ടി.ഉഷ,' മാളവിക പറഞ്ഞു. 

തങ്കലാനാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മാളവികയുടെ ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാണ് നായകനാവുന്നത്. പാര്‍വതി തിരുവോത്തും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ. ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 

ENGLISH SUMMARY:

Malavika wants to be the heroine in PT Usha's biopic