സിനിമകളിലെ റീ റിലീസാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഇത്തരം റീ റിലീസുകള്‍ക്ക് വന്‍ ജനപ്രിയതയാണ് ലഭിക്കുന്നത്. വിജയിച്ച ചിത്രങ്ങളാണ് പലപ്പോഴും റീ റിലീസ് ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒറിജിനല്‍ റിലീസിന്‍റെ സമയത്ത് പരാജയപ്പെട്ട ചിത്രങ്ങളും ഇപ്പോള്‍ റീ റിലീസ് ചെയ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ ദേവദൂതന്‍.
സംഗീതം കൊണ്ട് ചിത്രം അന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ചിത്രത്തിനു വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നുവേണം കരുതാന്‍. മറ്റ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി വേറിട്ട രീതിയിലുള്ള കഥപറച്ചിലുമായെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. റീ റിലീസായി ചിത്രമെത്തുമ്പോഴും കോടി ക്ലബ് ഒന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സിനിമ നിര്‍മിക്കാനെടുത്ത എഫര്‍ട്ട് മനസിലാക്കണമെന്നേയുള്ളൂവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
എന്നാല്‍ അന്ന് കൈയൊഴിഞ്ഞ സിനിമ ഇന്ന് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. റീ റിലീസ് ചെയ്ത് 17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ നേടി സകല പ്രതീക്ഷകളും തെറ്റിച്ചിരിക്കുകയാണ് സിനിമ. അപൂര്‍വ നേട്ടമായാണ് ഇതിനെ പ്രേക്ഷകരും അണിയറപ്രവര്‍ത്തകരും കാണുന്നത്.
ജൂലൈ 26 ന് ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം റീല്‍സിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയത് 4 കോടിക്ക് മുകളിലാണ്. മറ്റ് വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷനും ചേര്‍ത്ത് ആകെ ആഗോള കളക്ഷന്‍ 5.2 കോടി. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് ഇത് മികച്ച കളക്ഷനാണെന്ന് മാത്രമല്ല, മലയാളത്തില്‍ റെക്കോര്‍ഡുമാണ്.
വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.