allu-sneha

ഒരു ദിവസത്തെ ജയില്‍വാസത്തിനു ശേഷം തിരിച്ചെത്തിയ അല്ലു അര്‍ജുനെ കണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ സ്നേഹ റെഡ്‌ഡി. പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.  ചഞ്ചല്‍ഗുഡ ജയിലിലാണ് ഇന്നലെ രാത്രി അല്ലു അര്‍ജുന്‍ കഴിഞ്ഞത്. 

അതേസമയം പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന്  അല്ലു അര്‍ജുന്‍ പറഞ്ഞു. നിയമത്തെ അനുസരിക്കുകയാണ്. ഒളിച്ചോടില്ലെന്നും മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും ജയില്‍മോചിതനായ ശേഷം താരം പ്രതികരിച്ചു. സാധ്യമായതെല്ലാം താന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. നിയമത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അത് അനുസരിക്കുകയാണ്. വലിയ വെല്ലുവിളി താനും കുടുംബവും നേരിട്ടെന്നും കൂടെ നിന്നവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന 39കാരി സ്ത്രീ മരിച്ച സംഭവത്തിലാണ് തിയറ്റര്‍ ഉടമകള്‍ക്കൊപ്പം അല്ലു അര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത് വഷളായെന്നും തുടര്‍ന്ന് ലാത്തിവീശേണ്ടി വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നലെ അറസ്റ്റിലായ അല്ലു അര്‍ജുന് വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ജാമ്യ ഉത്തരവ് ജയിലില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പുലര്‍ച്ചെയാണ് താരം മോചിതനായത്. സ്നേഹയ്ക്കൊപ്പം കുട്ടികളും അച്ഛനെ കാത്തു നില്‍പ്പുണ്ടായിരുന്നു. അല്ലു അര്‍ജുനെ സ്വീകരിക്കാനായി മാതാപിതാക്കളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു.

Allu Arjun Wife breaks down after seeing Allu Arjun return after spending the night in jail:

Allu Arjun Wife breaks down after seeing Allu Arjun return after spending the night in jail. This video goes viral on social media.