കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശൻ കുഴഞ്ഞു വീണെന്നു റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി വഷളാണെന്നും ശരീരഭാരം കുറഞ്ഞു വരികയാണെന്നും വാര്‍ത്തകളുണ്ട്. ദേഹം വിളറിയ നിലയിലാണെന്നു അദ്ദേഹത്തെ സന്ദർശിച്ച മുൻ സഹതടവുകാരൻ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. മുഖത്തും കണ്ണുകളിലും ക്ഷീണം വ്യക്തമാണ്. ജയിലില്‍ വായനയില്‍ മുഴുകിയാണ് സമയം കളയുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്. ബെംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ഷെഡിലെത്തിച്ച് ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ദർശൻ തൊഗുദ്വീപ ഉൾപ്പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് ദർശനൊപ്പം ഉണ്ടായിരുന്നെന്നു പൊലീസ് സംശയിക്കുന്ന സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും, ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.