vijayaraghavan-state-award

മേക്കോവര്‍ കൊണ്ട് അമ്പരപ്പിച്ച അഭിനയപ്രതിഭ വിജയരാഘവനെ തേടിയെത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പൂക്കാലത്തിലെ 100 വയസുകാരന്‍ ഇട്ടൂപ്പിനെ അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം വിജയരാഘവന് ലഭിച്ചത്. 71–ാം വയസില്‍ 100 വയസുകാരന്‍റെ പ്രായാധിക്യം നടപ്പിലും എടുപ്പിലും വരുത്തിയാണ് വിജയരാഘവന്‍ ഞെട്ടിച്ചത്. 

ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസിലും ,കെ.പി.എ.സി ലളിതയും, വിനീത് ശ്രീനിവാസനുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ഗോവന്‍ ചലച്ചിത്രമേളയിലെ പനോരമയിലുള്‍പ്പടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രായം കുറയ്ക്കാന്‍ ഒരിക്കലും വിജയരാഘവന്‍ മേക്കപ്പ് ഇട്ടിട്ടുണ്ടാവില്ല. പ്രായം കൂട്ടാനായിരുന്നു ചമയങ്ങളത്രയുമെന്ന് അടുപ്പക്കാര്‍ പറയുന്നു. സ്കൂള്‍ പഠനകാലത്ത് നാടകാചാര്യനും അതുല്യ നടനുമായ എന്‍.എന്‍ പിള്ളയുടെ നാടകത്തിന് വേണ്ടി ആദ്യമായി മുഖത്ത് ചായം തേച്ചു. പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി വിജയരാഘവന്‍ മാറി. എത്ര അനായാസമായാണ് ഏത് പ്രായക്കാരനിലേക്കും വിജയരാഘവന്‍ ഇഴുകിച്ചേരുന്നതെന്ന ചോദ്യത്തിന് ഒരിക്കല്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.. സംവിധായകന്‍ ആ കഥാപാത്രം എന്താണെന്നും ആരാണെന്നും എത്ര വയസുണ്ടെന്നും പറയും. അയാള്‍ എവിടെ നിന്നു വന്നും, ഇപ്പോള്‍ എവിടെ എന്നിങ്ങനെ ഞാനങ്ങോട്ട് നൂറ് ചോദ്യം തിരികെ ചോദിക്കും. അങ്ങനെയാണ് കഥാപാത്രങ്ങളെന്‍റെ മനസില്‍ കയറിക്കൂടുന്നത്. 

ENGLISH SUMMARY:

Best character award goes to Vijayaraghavan