rishab-shetty

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി അർഹനായി. മികച്ച ജനപ്രിയ ചിത്രവും കാന്താരയാണ്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയിലൂടെ ഒരു മുത്തശികഥ പോലെയാണ് ഋഷഭ് കാന്താര പറഞ്ഞത്. . മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന 'കാന്താര' അടിസ്ഥാനവർഗ രാഷ്ട്രീയമാണ് പറഞ്ഞത്. ഉത്തരകേരളത്തിന്റെ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്രയാണ് 'കാന്താര'യുടെ കാതൽ. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത 'കാന്താര' പകർത്തിയതു പോലെ വേറെ ഏതെലും ഒരു ചിത്രം പകര്‍ത്തിയോന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ലാ എന്ന് തന്നെയാണ്. ഋഷഭ് ഷെട്ടിയിലെ ഫിലിം മേക്കര്‍  കാഴ്ച്ചയുടെ വിസ്മയലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടുപോയത്.  ഋഷഭ് ഷെട്ടി എന്ന കഥാകൃത്തിന്റെ, സംവിധായകന്റെ, അഭിനേതാവിന്റെ വിജയമാണ് ഈ അവാര്‍ഡ്.  ശിവയെന്ന ധിക്കാരിയായ, ഉത്തരവാദിത്വമില്ലാത്ത യുവാവിൽനിന്ന് ദൈവക്കോലമായുള്ള ആ പകർന്നാട്ടം ഒറ്റവാക്കിൽ പറഞ്ഞൊതുക്കാനാവില്ല. പ്രത്യേകിച്ച് കൈമാക്സില്‍.

വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം  407കോടിയാണ്  ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനില്‍ സ്വന്തമാക്കിയത്. ദൈവീകമായൊരു ഫാന്‍റസി കഥ അതാണ് കാന്താര.   നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യം. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ആദ്യം പറഞ്ഞത്.  കാന്താര എന്ന വാക്കിനർഥം കാട്, കാടിനുവകാശപ്പെട്ടത് എന്നൊക്കെയാണ്. ആ കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹം, അവരുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, ആചാരങ്ങളുമായി ഇഴചേർന്ന മിത്തുകൾ, ആ മിത്തുകളിൽ അധിഷ്ഠിതമായ ദൈവീകപ്രമാണങ്ങൾ, ദൈവക്കോലങ്ങൾ, കമ്പാള എന്ന പോത്തോട്ടം, കാടിന്റെ മക്കളുടെ നായാട്ട്, അടിസ്ഥാന വർഗത്തിനുമേലുള്ള സ്റ്റേറ്റിന്റെ ഇടപെടലുകളും പ്രമാണികളുടെ കടന്നുകയറ്റവും, പ്രണയം, ചതി, പ്രതികാരം എന്നിങ്ങനെ ഒരു റീജിനൽ സിനിമയുടെ എല്ലാ ഘടകങ്ങളും അതിഗംഭീരമായി ബ്ലെൻഡ് ചെയ്തെടുത്ത ലോകമായിരുന്നു കാന്താരയുടെത്. 

പോത്തോട്ടം പഠിച്ച് ചെളിയിൽ ഏതൊരു എക്സ്പീരിയൻസ്ഡ് പോരാളിയെയും പോലെ പെർഫോം ചെയ്യാൻ ഋഷഭ് എടുത്ത കഷ്ടപ്പാടുകൾ അഭിനന്ദനം അർഹിക്കുന്നതാണ്. ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ ആകാത്തവിധം മനോഹമാക്കി.അവസാനത്തെ ഒരു പത്തുപതിനഞ്ച് മിനിറ്റ് രൗദ്രത്തിന്റെയും ശാന്തത്തിന്റെയും രണ്ട്എക്സ്‌ട്രീമുകളിൽ ആ കഥാപാത്രം നടത്തുന്ന ഒരു പരമമായ പരകായപകർന്നാട്ടമുണ്ട്. സ്‌ക്രീനിൽ നിന്നും സിനിമാ ഹാളിലേക്ക് ഇറങ്ങിവരുമോ ഇയാൾ എന്നുതോന്നുന്നത്ര ഗംഭീരം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു. 

ENGLISH SUMMARY:

70th National Awards: Rishab Shetty Wins Best Actor For His Blockbuster Film Kantara