മമ്മൂട്ടിയെപ്പോലൊരു മഹാനടനു മുന്നില്‍ നിൽക്കാനുള്ള ശക്തി തനിക്കില്ലെന്ന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഋഷഭ് ഷെട്ടി. മമ്മൂട്ടിസാറിന്‍റെ സിനിമ മല്‍സരത്തിനുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. സമൂഹമാധ്യമങ്ങളില്‍ അത്തരം വാർത്തകൾ കണ്ടിരുന്നു. എന്നാൽ, ജൂറിയുടെ മുൻപിലുള്ളത് ഏതൊക്കെ ചിത്രങ്ങളാണെന്ന് എനിക്ക് അറിയില്ല. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്‍റെ മുന്നില്‍ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ അത് വലിയൊരു ഭാഗ്യമായി കാണുന്നെന്നും ഋഷഭ് ഷെട്ടി പറഞ്ഞു
ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നില്ല. പലരും എനിക്കാണ് അവാർഡെന്ന് പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി അതു പ്രഖ്യാപിക്കുന്നതു വരെ ഞാൻ വിശ്വസിച്ചില്ല. പുരസ്കാര വാർത്ത അറിഞ്ഞ് ആദ്യം എന്നെ അഭിനന്ദിച്ചത് ഭാര്യയാണ്. കാന്താരയിലെ കഥാപാത്രത്തെ ജൂറി വിലയിരുത്തി അതു തിരഞ്ഞെടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. ജൂറിക്ക് സിനിമ ഇഷ്ടപ്പെട്ടു. അതിന് അവർക്ക് കാരണങ്ങളുണ്ടാകാം. ജൂറിക്ക് നന്ദി,' ഋഷഭ് പറഞ്ഞു.
സൂപ്പര്‍ ഹിറ്റ് ചിത്രം കാന്താരയിലെ പ്രകടനമാണ് ഋഷഭ് ഷെട്ടിക്ക് മികച്ച നടനെന്ന നേട്ടമുണ്ടാക്കിക്കൊടുത്തത്. ചിത്രം സംവിധാനം ചെയ്തതും ഋഷഭ് തന്നെ. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിലായിരുന്നു മല്‍സരമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കവും, റോഷാക്കും ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്നാണ് സൗത്ത് ജൂറ് അംഗമായ സംവിധായകന് എം.ബി പത്മകുമാര്‍ പ്രതികരിച്ചത്