ദുല്‍ഖര്‍ സല്‍മാനെ അടുത്ത് നിര്‍ത്തി മമ്മൂട്ടിയെ വീഡിയോ കോള്‍ ചെയ്ത് സൂപ്പർ താരം ബാലയ്യ. ബാലയ്യ അവതാരകനായി എത്തുന്ന ടോക് ഷോയിലാണ് മമ്മൂട്ടിയെ വീഡിയോ കോള്‍ ചെയ്തത്. ബാലയ്യ അവതരിപ്പിക്കുന്ന ഈ ഷോയില്‍ പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രമോഷന് എത്തിയതായിരുന്നു ദുൽഖർ. ഷോയുടെ ഇടയിലാണ് ബാലയ്യ മമ്മൂട്ടിയെ വീഡിയോ കോള്‍ വിളിച്ചത്. ‘മമ്മൂക്ക സുഖമാണോ?’ എന്ന് ചോദിക്കുമ്പോൾ സുഖമാണ് സുഖമാണ് എന്ന മറുപടിയും മമ്മൂട്ടി പറയുന്നത് കാണാം. ഒക്‌ടോബർ 31ന് ആഹാ ആപ്പില്‍ ഈ എപ്പിസോഡ് സ്ട്രീം ചെയ്യും. ഇതിന്‍റെ പ്രമോ വിഡിയോയിൽ ഇതിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന് അകത്തും പുറത്തും വിദേശത്തും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് പുറമെ തമിഴിലും തെലുങ്കിലും ദുബായിലും വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.