wcc-hareeshperadi

Image Credit: Facebook

സര്‍ക്കാര്‍ എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതെന്ന് മനസിലാകുന്നില്ലെന്ന് നടന്‍ ഹരീഷ് പേരടി. മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്തുനടപടിയെടുക്കുമെന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞു. വേട്ടക്കാരുടെ തലകള്‍ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ താരം, പണ്ട് നടന്‍ തിലകന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ് റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അഭിനന്ദമറിയിച്ചുളള കുറിപ്പും ഹരീഷ് പേരടി പങ്കുവച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ..

'നമ്മള്‍ ഒരുപാട് കാലം കാത്തിരുന്ന ഒരു റിപ്പോര്‍ട്ടാണ്. എന്തിനാണ് ഈ റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതെന്ന് മാത്രം മനസിലാവുന്നില്ല. കാരണം എന്താണെന്ന് വെച്ചാല്‍ എത്രയോ നല്ല റിപ്പോര്‍ട്ടാണത്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി എടുത്തു കാട്ടുന്ന റിപ്പോര്‍ട്ടാണത്. റിപ്പോര്‍ട്ട് പുറത്തുവന്ന ഈ സമയത്ത് നമ്മളതിനെ സ്വാഗതം ചെയ്യുകയാണ്. അതില്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇനിയെന്ത് നടപടി എടുക്കാന്‍ പോകുന്നു എന്നറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നത്. ആ നടപടികളിലേക്ക് സര്‍ക്കാരിന് കടന്നേ പറ്റൂ'. 

 

'അതേസമയത്ത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കുറച്ചു നട്ടെല്ലുള്ള പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആ വിഷയത്തില്‍ രൂപീകരിച്ച കൂട്ടായ്മയുടെ പേരാണ് ഡബ്ല്യുസിസി. അവര്‍ പറഞ്ഞിരിക്കുന്നത് ശരിയാണെന്ന് ഇന്ന് വ്യക്തമായിരിക്കുകയാണ്. അവരാണ് ഈ പരാതിയുമായി ആദ്യം മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നത്. തുടര്‍ന്നാണ് നമുക്ക് ഇങ്ങനെയാരു കമ്മിറ്റിയുണ്ടാകുന്നത്. അതിന്റെ ഒരു വലിയ വിജയം കൂടിയാണിത്. പക്ഷേ ഇതൊരു തുടക്കം മാത്രമാണ്. ഉന്നയിക്കപ്പെട്ട വിഷയത്തെ ശക്തമായി അഭിമുഖീകരിക്കേണ്ട പ്രധാന ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. ആ പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തിയാലേ അത് ഇടതുപക്ഷ സര്‍ക്കാര്‍ ആകൂ'.

 

'വേട്ടക്കാര്‍ക്കെതിരെ എന്ത് നടപടി എടുക്കണമെന്നത് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. ആദ്യത്തെ ക്ലീനിങ് ആ 70 പേജുകളില്‍ നിന്നാണ് തുടങ്ങേണ്ടത്. വേട്ടക്കാരുടെ തലകള്‍ എണ്ണി എണ്ണി പുറത്തേക്കിടണം. ഹേമ കമ്മിറ്റി തിലകന്‍ ചേട്ടന്റെ ആത്മാവാണോ എന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹം തിരിച്ചുവന്നതുപോലെ തോന്നുന്നുണ്ട്. കാരണം അദ്ദേഹമിത് വിരല്‍ ചൂണ്ടി വളരെ മുന്നേ പറഞ്ഞതാണ്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടെന്നും അവര്‍ ഇത്ര പേരാണെന്നും എണ്ണം വരെ പറഞ്ഞതാണ്. ആ സംഭവം ശരിയാണെന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്' എന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

അതേസമയം ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുളള പോസ്റ്റും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. പോരാളികൾക്ക് അഭിവാദ്യങ്ങൾ. നിലപാടിന്റെ ആ കരുത്തിന് ഒരേയൊരു പേര് ഡബ്ല്യുസിസി എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. ഒപ്പം ഡബ്ല്യുസിസി അംഗങ്ങളുടെ ചിത്രവും ഹരീഷ് പേരടി പങ്കുവച്ചു.

ENGLISH SUMMARY:

Hareesh peradi on Hema Committee Report